

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോഴും അപകടകാരിയായ ഫുട്‌ബോളറാണെന്ന് മുന്‍ പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റിക്കാര്‍ഡോ. അദ്ദേഹം ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തുന്നത്. എതിര്‍ ടീമുകളെ വീഴ്ത്താനുള്ള തന്ത്രങ്ങളെല്ലാം ക്രിസ്റ്റ്യാനോയുടെ അടുത്തുണ്ടെന്നും റിക്കാര്‍ഡോ പറഞ്ഞു. 'എന്നാല്‍ ക്രിസ്റ്റ്യാനോയുടെ വേഗത എന്നും ഒരുപോലെയായിരിക്കില്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നെങ്കില്‍ പ്രായം കൂടിയപ്പോള്‍ 195 ആയിട്ടുണ്ടാകും. അത്രമാത്രമേ സംഭവിച്ചുള്ളൂ..' -റിക്കാര്‍ഡോ പറഞ്ഞു. പതിനേഴ് വയസ്സുള്ള ഒരാള്‍ക്കൊപ്പം കളിക്കുമ്പോള്‍ 41 വയസ്സുകാരന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന താരതമ്യം ചെയ്യുമ്പോഴും ക്രിസ്റ്റിയാനോയുടെ സമര്‍പ്പണവും പ്രതബദ്ധതയും പ്രത്യേകം എടുത്തുപറയണമെന്നും റിക്കാര്‍ഡോ ചൂണ്ടിക്കാട്ടി.
ക്രിസ്റ്റിയാനോയുടെ സമപ്രായക്കാരിലൊരാളാണ് റിക്കാര്‍ഡോ. അദ്ദേഹം ഇപ്പോള്‍ പരിശീലനത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 'ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട്. സഹപ്രവര്‍ത്തകനെന്ന നിലയിലാണ് ഞങ്ങളുടെ ഇടപടെലുകള്‍. ക്രിസ്റ്റ്യാനോ ഫുട്‌ബോളിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കും. പരിശീലനം, വിശ്രമം, ഭക്ഷണം എന്നിവയില്‍ ശ്രദ്ധചെലുത്തും' -റിക്കാര്‍ഡോ പറഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് ജൂണ്‍ ആറിന് ചിലിക്കെതിരെ പോര്‍ച്ചുഗല്‍ കളിക്കും. ജൂണ്‍ പത്തിന് നൈജീരിയിക്കെതിരെയും മത്സരമുണ്ട്. ലോകകപ്പില്‍ കെ-ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ 17ന് ഡിആര്‍ കോംഗോ, ജൂണ്‍ 23ന് ഉസ്‌ബെകിസ്താന്‍, ജൂണ്‍ 27ന് കൊളംബിയ എന്നിവര്‍ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍.
content highlights: Cristiano is dangerous; Former player on the Portuguese legend