

ബിക്കാനീര്‍: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച് അതിശക്തമായ മണല്‍ക്കാറ്റും മഴയും. ശനിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജനജീവിതം സ്തംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആഞ്ഞുവീശിയ മണല്‍ക്കാറ്റ് നഗരത്തെ ഇരുട്ടിലാക്കി. ഇതോടെ കാഴ്ചരിധി പൂജ്യമായി താഴ്ന്നു. നിരത്തുകളിലുണ്ടായിരുന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ് തെളിയിച്ചാണ് പിന്നീട് സഞ്ചരിച്ചത്.
മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് വടക്കുപടിഞ്ഞാറന്‍ രാജസ്ഥാനിലെ ബിക്കാനീര്‍, ഗംഗാനഗര്‍, ഹനുമാന്‍ഗഢ്, ചുരു, സിക്കാര്‍, ജുന്‍ജുനു, ജയ്പൂര്‍, നാഗൗര്‍ എന്നീ ജില്ലകളില്‍ ആശങ്ക ഉയര്‍ത്തി. ജയ്പൂരില്‍ മണല്‍ക്കാറ്റിന് പിന്നാലെ ശക്തമായ മഴയും ഉണ്ടായി.
കാറ്റിന്റെ ശക്തിയില്‍ മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. ഇതോടെ നഗരങ്ങളില്‍ പലയിടങ്ങളും കൂരിരുട്ടിലായി. വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് എന്ന പ്രതിഭാസത്തിന്റെ ഫലമാണ് കാലാവസ്ഥയിലുണ്ടായ മാറ്റമെന്നാണ് കാലാവസ്ഥ അധികൃതര്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയും കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Content Highlights: A strong sandstorm struck parts of Rajasthan, bringing powerful winds and large dust clouds that reduced visibility