ജീവനൊടുക്കിയ മുറിയിൽ വിഷവാതകം; മകളോട് അകത്തുകയറരുതെന്ന് മുന്നറിയിപ്പ് നല്‍കി പിതാവിൻ്റെ കുറിപ്പ്

മെയ് 22നാണ് പങ്കജുമായി ഭാര്യ അവസാനമായി സംസാരിച്ചത്

ജീവനൊടുക്കിയ മുറിയിൽ വിഷവാതകം; മകളോട് അകത്തുകയറരുതെന്ന് മുന്നറിയിപ്പ് നല്‍കി പിതാവിൻ്റെ കുറിപ്പ്
dot image

ഗാന്ധിനഗര്‍: ഗുജറാത്ത് ഗാന്ധിനഗറില്‍ വിഷം കഴിച്ച് 42കാരന്‍ ജീവനൊടുക്കി. മുംബൈ സ്വദേശിയായ പങ്കജ് ബന്‍സാലിയാണ് മരിച്ചത്. അഞ്ച് മാസം മുമ്പ് ജോലി നഷ്ടമായ പങ്കജ് സാമ്പത്തിക ബാധ്യതകള്‍ മൂലം അസ്വസ്ഥനായിരുന്നു. സെല്‍ഫോസ് എന്ന മാരകമായ വിഷം കഴിച്ചാണ് പങ്കജ് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുമ്പ് മകള്‍ മാന്‍വിയോട് വീട്ടിലേക്ക് കടക്കരുതെന്നും ഉള്ളിലെ വെള്ളം കുടിക്കരുതെന്നും അടക്കമുള്ള മുന്നറിയിപ്പ് കുറിപ്പെഴുതി കതകില്‍ ഒട്ടിച്ചിരുന്നു..

ലോകത്തിലെ ഏറ്റവും മാരകമായി വിഷങ്ങളിലൊന്നായ സെല്‍ഫോസ് വയറ്റിനുള്ളില്‍ എത്തിയാല്‍ ഫോസ്‌ഫൈന്‍ എന്ന വാതകം പുറന്തള്ളും. ഇത് റൂമിനുള്ളില്‍ മുഴുവന്‍ പടരും. ഇതാണ് മുന്നറിയിപ്പ് കുറിപ്പെഴുതാന്‍ കാരണം. ഭാര്യയും മകളും അവരുടെ മാതാപിതാക്കളെ കാണാന്‍ പോയ സമയമാണ് പങ്കജ് കടുംകൈ ചെയ്തത്.

മെയ് 22നാണ് പങ്കജുമായി ഭാര്യ അവസാനമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംശയം തോന്നി പങ്കജിന്റെ ഭാര്യ മകള്‍ക്കും സഹോദരനും ഒപ്പം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പങ്കജിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്. അഞ്ച് ദിവസത്തോളം പഴക്കമുള്ള ശരീരം വീര്‍ത്ത നിലയിലായിരുന്നു. വിഷത്തിന്റെ സ്വാധീനത്തില്‍ പങ്കജിന്റെ മുഖം ഉള്‍പ്പെടെ ഇരുണ്ട നിറത്തിലായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് വിഷവസ്തുവായ സെല്‍ഫോസ് കണ്ടെത്തിയിട്ടുണ്ട്. പങ്കജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. ഗാന്ധിനഗറിലെ ഇന്‍ഫോസിറ്റിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു പങ്കജ്. സ്റ്റോക്ക് മാര്‍ക്കറ്റിലും വലിയ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് പങ്കജ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കടബാധ്യതയും വര്‍ധിച്ച നിലയിലായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A man was found dead after allegedly taking his own life inside a room filled with poison fumes. Reports indicate that he left a note warning his daughter to stay outside the room

dot image
To advertise here,contact us
dot image