

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സോണാര്‍പൂരില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ടയേറ്. 'കള്ളന്‍, കള്ളന്‍' എന്ന് വിളിച്ചുകൊണ്ടാണ് മുട്ട എറിഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്ജു കർമ്മകറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
സന്ദര്‍ശനത്തിനിടെ എംപിക്ക് നേരെ മുട്ടകളും കല്ലുകളും എറിയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ച് നടന്നു നീങ്ങിയ അഭിഷേകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കി പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ബിജെപിയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചു. 'ഇതെല്ലാം ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണ്. അവര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. ഒരു മാസം പോലും ആയിട്ടില്ല, പൊലീസിനെ എവിടെയും കാണാനില്ല,' അദ്ദേഹം പറഞ്ഞു.
അധികൃതരെ മുന്‍കൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു. 'പൊലീസും സേനയും ഇവിടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ഞാന്‍ ഇവിടെ നിന്ന് മാറില്ല', അദ്ദേഹം പറഞ്ഞു. സോനാർപൂരിൽ നിന്നുള്ള ഒരു തൃണമൂൽ നേതാവോ പ്രവർത്തകനോ അഭിഷേകിനൊപ്പം സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ജനക്കൂട്ടം അക്രമാസക്തരായതോടെയാണ് അഭിഷേകിനെ പൊലീസ് ഹെൽമെറ്റ് ധരിപ്പിച്ചത്. അഭിഷേകിന്റെ ഷർട്ട് വലിച്ച് കീറിയിരുന്നു.
Content Highlights: Trinamool's Abhishek Banerjee faces eggs from mob in Bengal’s Sonarpur