

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആര്‍ ശ്രീലേഖ. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആര്‍ത്തവം എന്ന് അറിയുമെന്നും ഇതാണോ മെന്‍സ്ട്രല്‍ ഡിഗനിറ്റിയെന്നും നാണക്കേടല്ലേയെന്നും അവര്‍ ചോദിച്ചു. അവധി സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കൾ ഉണ്ടാവില്ലെന്നും അവർ കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ? ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആര്‍ത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ?
അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാന്‍ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.
Content Highlights: R Sreelekha Opposes Government Decision Granting Monthly Menstrual Leave to Female Students