

ബെംഗളൂരു: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നു. രാവിലെ മന്ത്രിമാര്‍ക്കൊപ്പം ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രാവിലെ 9 മണിക്കാണ് ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ്. ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്‍ ശനിയാഴ്ചയാകും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അതേസമയം സിദ്ധരാമയ്യയുടെ രാജി ഇന്ന് ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോത് മുംബൈയിലേക്ക് പോയി. വ്യക്തിപരമായ ആവശ്യാര്‍ത്ഥമാണ് യാത്രയെന്നാണ് വിശദീകരണം.
അതിനിടെ കോണ്‍ഗ്രസ് ഇതുവരെയും സംസ്ഥാനത്ത് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടില്ലെന്നും മറ്റുതീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും കര്‍ണ്ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. വിഷയത്തില്‍ മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. ബുധനാഴ്ച കര്‍ണാടകയില്‍ എത്തിയ സുര്‍ജേവാല സിദ്ധരാമയ്യയെ ഉള്‍പ്പെടെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും മടങ്ങവെ നേതൃമാറ്റം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നില്ല. 'ഞാന്‍ നാളെ പ്രതികരിക്കാം' എന്നുമാത്രമായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. കഴിഞ്ഞ ദിവസം ബെംഗളൂരു കെപിസിസി ആസ്ഥാനത്ത് നടന്ന ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പരിപാടിയിലും സിദ്ധരാമയ്യ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിദ്ധരാമയ്യ ഇന്ന് രാജിവെയ്ക്കുകയാണെങ്കില്‍ വൈകാതെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും.2023 മെയ് 20-നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
Content Highlights: CM Siddaramaiah’s breakfast meeting with Cabinet colleagues today