

ഭുവനേശ്വർ: അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം. രണ്ട് പേരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഒരാൾ ദലിത് യുവാവാണ്. മൂന്ന് പേരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അസമിലെ സോണിറ്റ്‌പൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. മൂന്ന് പേരടങ്ങുന്ന സംഘം പശുവിനെ മോഷ്ടിക്കാൻ സെൻട്രൽ അസമിൽ നിന്ന് എത്തിയെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പശുക്കളെ ഇവർ വാഹനത്തിൽ കയറ്റിയെന്നും ഇത് കണ്ടുവന്നവർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പശുക്കടത്തിനെതിരെ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. പശുക്കളെ കടത്തുന്നത് കർശനമായി എതിർക്കുമെന്നും ഇത്തരം പ്രവണതകളിൽ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കുമെന്നുമാണ് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്.
Content Highlights: A mob killing was reported in Assam after allegations of cow theft