സിജെപിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന് ടിഡിപി

സിജെപി കുതിപ്പ് സർക്കാരിനുള്ള സൂചന എന്നും ചില എൻഡിഎ ഘടകകക്ഷികൾ പറഞ്ഞു

സിജെപിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന് ടിഡിപി
dot image

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ ചൊല്ലി എൻഡിഎയിൽയില്‍ ഭിന്നത. യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന നിലപാടിൽ തെലുങ്ക് ദേശം പാർട്ടി. തമിഴ്നാട്ടിലെ വിജയ് കുതിപ്പ് അടക്കം ചൂണ്ടിക്കാട്ടിയാണ് ടിഡിപി നിലപാട് വ്യക്തമാക്കിയത്. സിജെപി കുതിപ്പ് സർക്കാരിനുള്ള സൂചന എന്നും ചില എൻഡിഎ ഘടകകക്ഷികൾ പറഞ്ഞു.

യുവാക്കളുടെ വിയോജിപ്പുകളെ പൂർണ്ണമായും അവഗണിക്കരുതെന്നും വിഷയം സൂക്ഷ്മമായി കൈകൊള്ളണമെന്നും ടിഡിപിയുടെ പാർലമെൻ്ററി പാർട്ടി നേതാവ് ലാവു കൃഷ്ണ വ്യക്തമാക്കി. സാമ്പത്തിക ദുരവസ്ഥ, നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്നിവയിൽ യുവാക്കൾ അസംതൃപ്തരാണെന്നും യുവാക്കൾ സമൂഹമാധ്യമങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ വിജയ്‌യുടെ വിജയം സമൂഹമാധ്യമങ്ങളിലെ നീക്കവും യുവാക്കൾക്ക് ഇടയിലെ ഒരു തരംഗവുമാണെന്നും അത് കൊണ്ട് യുവാക്കളുടെ ശബ്ദത്തെ പൂർണ്ണമായി അവഗണിക്കരുതെന്നും ടിഡിപി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ദിവസങ്ങൾക്കുള്ളിലാണ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ തരം​ഗമായത്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ മുന്നണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്നിലാക്കിയായിരുന്നു സിജെപിയുടെ വരവ്. ഇതിനിടെ സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക് ഏ‍ർപ്പെടുത്തി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറഞ്ഞിരുന്നു.

പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെയും സ്ഥാപകന്‍ അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാം പേജും പൂട്ടാന്‍ സാധ്യതയുണ്ടെന്ന് അഭിജീത്ത് പറഞ്ഞിരുന്നു. 21.9 മില്യണ്‍ ഫോളോവേഴ്‌സാണ് നിലവില്‍ ഹാക്ക് ചെയ്ത അക്കൗണ്ടിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പാരസൈറ്റുകളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

ഇത് പിന്നാലെയാണ് ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ സിജെപി രൂപീകരിച്ചത്.

യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവയാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.

Content Highlight : Disagreements in NDA over Cockroach Janata Party. Telugu Desam Party says youth's dissent should not be ignored.

dot image
To advertise here,contact us
dot image