ഐപിഎലില്‍ ഇന്ന് 'ക്ലൈമാക്‌സ് ഡേ!' ആരാകും നാലാമന്‍; സാധ്യതകള്‍ ഇങ്ങനെ

നിര്‍ണായക മത്സരത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയൽസ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം വൈകീട്ട് 3.30ന്, കൊല്‍ക്കത്ത-ഡല്‍ഹി മത്സരം രാത്രി 7.30ന്

ഐപിഎലില്‍ ഇന്ന് 'ക്ലൈമാക്‌സ് ഡേ!' ആരാകും നാലാമന്‍; സാധ്യതകള്‍ ഇങ്ങനെ
dot image

ആരാകും ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം? ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച ഇതാണ്. ഇന്ന് വൈകീട്ടത്തെ രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശ വിരുന്നാകും. ലീഗിലെ അവസാന മത്സരത്തിനാണ് ഇരുടീമുകളും ഇറങ്ങുന്നത്. ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പാണ്. തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നുറപ്പ്. പോയിന്റ് പട്ടികയില്‍ 14 പോയിന്റാണ് ടീമിനുള്ളത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാജസ്ഥാന്‍ തോറ്റാല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയുള്ളത്. രാജസ്ഥാന്‍ തോല്‍ക്കുകയും കൊല്‍ക്കത്ത വന്‍മാര്‍ജിനില്‍ ഡല്‍ഹിയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പഞ്ചാബിന് പുറത്തേക്കുള്ള വഴയൊരുങ്ങും.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിലെത്തിയ ടീമുകള്‍. ഇവര്‍ യഥാക്രമം സ്ഥാനവുമുറപ്പിച്ചു. ആര്‍സിബിക്കും ഗുജറാത്തിനും ഹൈദരാബാദിനും 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റ് വീതമായി. നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം നിര്‍ണയിച്ചത്. എന്നാല്‍ നാലാമനെ കണ്ടെത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാകട്ടെ, മൂന്നുടീമുകളുടെ പോരുമുണ്ട്. 14 കളിയില്‍ ഏഴുജയത്തോടെ പഞ്ചാബിന് 15 പോയിന്റായി. 13 കളിയില്‍ ഏഴുജയത്തോടെ 14 പോയിന്റുമായി രാജസ്ഥാന്‍ അഞ്ചാമതും 13 കളിയില്‍ ആറുജയത്തോടെ കൊല്‍ക്കത്ത 13 പോയിന്റുമായി ആറാംസ്ഥാനത്തുമാണ്.

ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോള്‍ മുംബൈക്കും ഡല്‍ഹിക്കും പ്രതീക്ഷയില്ലെങ്കിലും ജയത്തോടെ മടങ്ങാനാകും ടീമുകളെത്തുന്നത്. മുംബൈ നിലവില്‍ ഒമ്പതാം സ്ഥാനക്കാരാണ്. ഡല്‍ഹി 12 പോയിന്റോടെ എട്ടാം സ്ഥാനത്തും. ജയിച്ച് സ്ഥാനം മെച്ചപ്പെടുത്തുക എന്നതാകും ഡല്‍ഹിയുടെ ലക്ഷ്യം.

content highlights: IPL Climax Day Today! Who will make it, who will be the fourth? Here are the possibilities

dot image
To advertise here,contact us
dot image