R G കർ ബലാത്സംഗക്കൊല: 'കേസ് അട്ടിമറിക്കാൻ ശ്രമം നടന്നോയെന്ന് അന്വേഷിക്കണം'; CBIയോട് SIT രൂപീകരിക്കാൻ ഹൈക്കോടതി

ജൂണ്‍ 25ന് അന്വേഷണത്തിന്റെ വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു

R G കർ ബലാത്സംഗക്കൊല: 'കേസ് അട്ടിമറിക്കാൻ ശ്രമം നടന്നോയെന്ന് അന്വേഷിക്കണം'; CBIയോട് SIT രൂപീകരിക്കാൻ ഹൈക്കോടതി
dot image

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കേസില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് നിര്‍ദേശം. സിബിഐയുടെ ജോയിന്റ് ഡയറക്ടറുടെ കീഴില്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കോടതി നിർദേശിച്ചു.

ജൂണ്‍ 25ന് അന്വേഷണത്തിന്റെ വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആര്‍ ജി കര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം. നേരത്തെ കേസിന്റെ അന്വേഷണം കൊല്‍ക്കത്ത പൊലീസില്‍ നിന്ന് ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.

2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റകൃത്യം നൽകി അഞ്ചര മാസം പൂര്‍ത്തിയായപ്പോള്‍ പ്രതിക്ക് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നാലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐയും ശിക്ഷവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Content Highlights: R G Kar case Kolkata High Court directed to CBI for form SIT

dot image
To advertise here,contact us
dot image