മുസ്‌ലിം ലീഗും ടിവികെ മന്ത്രിസഭയിലേക്ക്; പാപനാശം എംഎല്‍എ എ എം ഷാജഹാന്‍ മന്ത്രിയാകും

ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ ലീഗിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നില്ല

മുസ്‌ലിം ലീഗും ടിവികെ മന്ത്രിസഭയിലേക്ക്; പാപനാശം എംഎല്‍എ എ എം ഷാജഹാന്‍ മന്ത്രിയാകും
dot image

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയിലേക്ക് മുസ്‌ലിം ലീഗും. പാപനാശം എംഎല്‍എ ഷാജഹാന്‍ മന്ത്രിയാകും. മുസ്‌ലിം ലീഗ് മന്ത്രിസഭയില്‍ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമായി. ചരിത്രത്തില്‍ ആദ്യമായാണ് മുസ്‌ലിം ലീഗ് തമിഴ്‌നാട്ടില്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ ലീഗിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. ലീഗ് സ്ഥാനാര്‍ത്ഥിയായ ഷാജഹാന്‍ തോല്‍പ്പിച്ചത് ടിവികെ സ്ഥാനാര്‍ത്ഥിയെയായിരുന്നു. ടിവികെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച വ്യക്തി ടിവികെ മന്ത്രിസഭയിലെത്തുന്നു എന്ന കൗതുകവുമുണ്ട്. വിസികെയും ഇടതുപാര്‍ട്ടികളും വിജയ് സര്‍ക്കാരിനെ പുറത്തുനിന്നാണ് പിന്തുണയ്ക്കുന്നത്. വിജയ് മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വിസികെ നിരസിക്കുകയായിരുന്നു.

അതേസമയം, ടിവികെ മന്ത്രിസഭ വിപുലീകരിച്ചു. കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ 23 പേര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തമിഴ്‌നാട് മന്ത്രിസഭയിലെത്തുന്നത്. കന്യാകുമാരി ജില്ലയിലെ കിള്ളിയൂരിൽ നിന്നുള്ള ജനപ്രതിനിധി രാജേഷ് കുമാറും മധുര ജില്ലയിലെ മേലൂരിൽ നിന്നുള്ള പി വിശ്വനാഥനുമാണ് മന്ത്രിമാരായി ചുമതലയേറ്റത്.  രാജേഷ് കുമാറിന് ടൂറിസവും വിശ്വനാഥന് ഉന്നത വിദ്യാഭ്യാസവുമാണ് നൽകിയിരിക്കുന്നത്.

Also Read:

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ നിന്നും മത്സരിച്ച് വിജയിച്ച പട്ടികജാതി വിഭാ​ഗത്തിൽ നിന്നുള്ള നേതാവാണ് പി വിശ്വനാഥൻ. നേരത്തെ 2009 മുതൽ 2014വരെ കാഞ്ചീപുരത്ത് നിന്നുള്ള ലോക്സഭാം​ഗം കൂടിയായിരുന്നു വിശ്വനാഥൻ. കിള്ളിയൂരിൽ നിന്ന് തുടർച്ചയായി മൂന്നാം തവണ നിയമസഭയിലെത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവാണ് രാജേഷ് കുമാർ. തമിഴ്നാട് നിയമസഭയിലെ കോൺ​ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് രാജേഷ് കുമാർ. പുതിയ മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ വിജയ് മന്ത്രിസഭയിലെ അംഗസംഖ്യ 32 ആയി ഉയര്‍ന്നു. നേരത്തെ വിജയ്‌ക്കൊപ്പം ഒന്‍പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Content Highlights: Muslim League also enters TVK ministry; Papanasam MLA AM Shahjahan will be a minister

dot image
To advertise here,contact us
dot image