

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവൻമരണ പോരാട്ടത്തിന് മുൻപ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.
പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാത, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്ന് ജാഫർ ആവശ്യപ്പെട്ടു.
ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സി എസ്‌കെ ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കിനെ വിമർശിച്ചത്.
റുതുരാജ് കുറച്ചുകൂടി ആക്രമണ മോഡിലേക്ക് മാറേണ്ടതുണ്ട്. പവർപ്ലേയിൽ സഞ്ജു സാംസൺ മാത്രം വന്ന് റൺസ് അടിച്ചുകൂട്ടുമെന്ന് കരുതി അയാൾക്ക് ക്രീസിൽ നോക്കിനിൽക്കാൻ കഴിയില്ല. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം കാണിക്കണം. എങ്കിൽ മാത്രമേ അത് മറ്റ് ബാറ്റർമാർക്കും ആത്മവിശ്വാസം നൽകൂ. ഇനി അതല്ല, അദ്ദേഹത്തിന് പഴയതുപോലെ ആങ്കർ റോൾ കളിക്കാനാണ് താൽപര്യമെങ്കിൽ, ഹാർഡ് ഹിറ്റർ ഉർവിൽ പട്ടേലിനെ ചെന്നൈ ഓപ്പണറാക്കണം. റുതുരാജ് മൂന്നാമതോ നാലാമതോ ഇറങ്ങി പവർപ്ലേയ്ക്ക് ശേഷം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകട്ടെയെന്നും ജാഫര്‍ പറഞ്ഞു.
ഈ സീസണിൽ തപ്പിത്തടയുന്ന റുതുരാജിന്‍റെ അവസാന നാല് ഇന്നിംഗ്സുകളിലെ സ്കോറുകൾ 15 (21), 13 (9), 42 (28), 6 (13) എന്നിങ്ങനെയാണ്. 13 ഇന്നിംഗ്സുകളിൽ നിന്ന് വെറും 120.67 സ്ട്രൈക്ക് റേറ്റിൽ 321 റൺസ് മാത്രമാണ് സിഎസ്‌കെ നായകന്‍റെ സമ്പാദ്യം.
Content highlights:wasim-jaffer-criticism-on-sanju-samson-form-ruturaj-gaikwad-factor