

സ്വന്തമായി ഒരൊറ്റ സ്വർണ ഖനി പോലുമില്ലാത്ത ഒരു രാജ്യം ലോകത്തിന്റെ 'സ്വർണ്ണ തലസ്ഥാനം' അഥവാ 'സിറ്റി ഓഫ് ഗോൾഡ്' എന്നാണ അറിയപ്പെടുന്നത്. അതാണ് യുഎഇയുടെ കഥ. ഒരു തരി സ്വർണം പോലും സ്വന്തം മണ്ണിൽ നിന്ന് ഖനനം ചെയ്തെടുക്കാനില്ലാത്ത യു എ ഇ ഇന്ന് ലോകമെമ്പാടുമുള്ള സ്വർണ്ണ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും പ്രധാന കേന്ദ്രമാണ്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ചെറിയ മീൻപിടുത്ത ഗ്രാമമായിരുന്ന ദുബായ്, ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ വിപണിയായി മാറിയതിന് പിന്നിൽ കൃത്യമായ ദീർഘവീക്ഷണവും തന്ത്രപരമായ സാമ്പത്തിക നയങ്ങളുമുണ്ട്.
ഭൂമിശാസ്ത്രപരമായ സ്ഥാനം
കിഴക്കന്‍ രാജ്യങ്ങളേയും പടിഞ്ഞാറന്‍ രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന ദുബായിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് ഇതിൽ ഏറ്റവും നിർണായകമായത്. സ്വർണം വൻതോതിൽ ഖനനം ചെയ്യുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്കും, സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കും നടുവിലായി യുഎഇ നിലകൊള്ളുന്ന. ഈ അനുകൂല സാഹചര്യം മുതലെടുത്ത് ആഫ്രിക്കയിൽ നിന്നുള്ള അസംസ്കൃത സ്വർണം ദുബായിൽ എത്തിക്കാനും, ഇവിടെ നിന്ന് അത് ശുദ്ധീകരിച്ച് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ദുബായിക്ക് എളുപ്പത്തിൽ സാധിച്ചു.
നികുതി രഹിതം, ഫ്രീ സോണ്‍
ദുബായ് ഭരണാധികാരികൾ പണ്ടുമുതൽക്കേ സ്വീകരിച്ച വ്യവസായ സൗഹൃദ നയങ്ങള്‍ വ്യാപാരികളെ ഇവിടേക്ക് കൂടുതലായി ആകർഷിച്ചു. പതിറ്റാണ്ടുകളായി ദുബായിൽ സ്വർണ്ണ വ്യാപാരത്തിന് കസ്റ്റംസ് ഡ്യൂട്ടിയോ മറ്റ് നികുതികളോ ഇല്ലായിരുന്നു. നിലവിൽ 5% വാറ്റ് (VAT) ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, മൊത്തവ്യാപാര മേഖലയിൽ (Wholesale) ഇതിന് ഇളവുകളുണ്ട്. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) പോലെയുള്ള പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിച്ചുകൊണ്ട് വിദേശ വ്യാപാരികൾക്ക് 100% ഉടമസ്ഥാവകാശവും നികുതിയിളവുകളും ദുബായ് ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.
സുതാര്യത
ദുബായിൽ നിന്ന് വാങ്ങുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരം ലോകോത്തരമാണ്. 'ദുബായ് ഗുഡ് ഡെലിവറി' (Dubai Good Delivery - DGD) എന്ന കടുത്ത ഗുണനിലവാര മാനദണ്ഡം ദുബായ് സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. വിപണിയിൽ വിൽക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി സർക്കാർ കർശനമായി നിരീക്ഷിക്കുന്നു. കള്ളക്കടത്തും നിയമവിരുദ്ധ സ്വർണ്ണ നിക്ഷേപങ്ങളും തടയാൻ കർശനമായ ആന്റി-മണി ലോണ്ടറിംഗ് (AML) നിയമങ്ങൾ കൊണ്ടുവന്നത് ആഗോളതലത്തിൽ ദുബായ് വിപണിയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു.
റിഫൈനറികൾ
സ്വർണ്ണം ഇറക്കുമതി ചെയ്യുക മാത്രമല്ല, അസംസ്കൃത സ്വർണ്ണം (Dore) ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധീകരിച്ച് 99.99% പരിശുദ്ധിയുള്ള കട്ടികളാക്കി മാറ്റാനുള്ള വൻകിട റിഫൈനറികൾ ദുബായ് സ്വന്തമായി നിർമ്മിച്ചു. ഇത് ദുബായിയെ വെറുമൊരു വിപണി എന്നതിനപ്പുറം സ്വർണ്ണത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രമാക്കി മാറ്റി.
ദുബായ് ഗോൾഡ് സൂക്ക്
ദേരയിലെ പരമ്പരാഗത സ്വർണ്ണ വിപണിയായ 'ഗോൾഡ് സൂക്ക്' ദുബായുടെ പ്രധാന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്. മുന്നൂറിലധികം റീട്ടെയിൽ വ്യാപാരികൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഇവിടെ ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, മലേഷ്യ തുടങ്ങിയ വിവിധ സംസ്കാരങ്ങളിലെ ഡിസൈനുകളിലുള്ള ആഭരണങ്ങൾ ലഭ്യമാണ്. വിനോദസഞ്ചാരികൾക്ക് ഒരേസമയം നൂറുകണക്കിന് കടകളിൽ കയറി വിലപേശി (Bargaining) സ്വർണം വാങ്ങാനുള്ള അവസരം ദുബായ് ടൂറിസത്തിന്റെ ഭാഗമായി മാറി.
അതേസമയം, നിലവില്‍ ദുബായിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണ്ണാഭരണങ്ങൾ കയറ്റി അയക്കപ്പെടുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യയെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയും മേക്കിംഗ് ചാർജും കുറവായതിനാൽ ദുബായിൽ സ്വർണ്ണത്തിന് വില കുറവാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രകൃതിവിഭവങ്ങൾ ഇല്ലെങ്കിലും കൃത്യമായ ആസൂത്രണം, സുതാര്യമായ നിയമങ്ങൾ, വ്യാപാരികൾക്ക് നൽകിയ സ്വാതന്ത്ര്യം എന്നിവയിലൂടെ ഒരു രാജ്യത്തിന് എങ്ങനെ ലോക വിപണി കീഴടക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ദുബായ്. സ്വർണ്ണ ഖനികളേക്കാൾ മൂല്യം സുരക്ഷിതവും സുതാര്യവുമായ ഒരു വിപണി ഒരുക്കുന്നതിലുണ്ടെന്ന് ദുബായ് ലോകത്തിന് കാണിച്ചുതന്നു.
Content Highlights: Dubai earned the title “City of Gold” despite having no gold mines by becoming a global hub for gold trading and jewellery business. Tax advantages, strategic location, strong infrastructure, and massive gold markets helped the emirate attract traders and buyers from around the world.