ഗർഭകാല പരിചരണത്തിനായി ഭാര്യ സ്വന്തം വീട്ടിൽ പോയി, വിവാഹ മോചനം വേണമെന്ന് ഭർത്താവ്; നിഷേധിച്ച് കോടതി

പ്രസവം കഴിഞ്ഞയുടൻ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തിൽ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളും കോടതി തള്ളി

ഗർഭകാല പരിചരണത്തിനായി ഭാര്യ സ്വന്തം വീട്ടിൽ പോയി, വിവാഹ മോചനം വേണമെന്ന് ഭർത്താവ്; നിഷേധിച്ച് കോടതി
dot image

ചെന്നൈ: ഗർഭകാല പരിചരണത്തിനായി ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചെന്ന് ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഭർത്താവിന് തിരിച്ചടി. ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. ഭാര്യ ക്രൂരത കാട്ടിയെന്നും തന്നെ ഉപേക്ഷിച്ചു പോയെന്നും ആരോപിച്ച് ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി വി കാർത്തികേയൻ, ജസ്റ്റിസ് കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കുടുംബ കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്.

2012-ലായിരുന്നു ഇവരുടെയും വിവാഹം. ഏഴു മാസങ്ങൾക്ക് ശേഷം ഭർത്താവ് സിംഗപ്പൂരിലേക്ക് പോയി. ജോലി ചെയ്ത് ലഭിച്ച പണം മുഴുവൻ ഇയാൾ അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. ഭാര്യയ്ക്ക് ജീവിക്കാൻ ആവശ്യമായ പണം നൽകാതിരുന്നത് കുടുംബത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായി എന്നാണ് കോടതിയുടെ കണ്ടെത്തൽ.

പണം നൽകിയില്ല എന്ന കാരണം കൊണ്ടും ഗർഭകാല പരിചരണത്തിനായും ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. 2015-ൽ ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ കുഞ്ഞിനെ കാണാൻ തന്നെയും കുടുംബത്തെയും അനുവദിച്ചില്ലെന്നും ഭാര്യ തന്നെ ഉപേക്ഷിച്ചു പോയതാണെന്നും ആരോപിച്ചാണ് ഭർത്താവ് ആദ്യം കുടുംബ കോടതിയെ സമീപിച്ചത്.

ഗർഭിണിയായതിന് ശേഷമോ കുഞ്ഞിനെ പ്രസവിച്ചത് അറിയിച്ചിട്ടോ ഭർത്താവോ കുടുംബമോ തന്നെയോ കുട്ടിയെയോ വേണ്ടവിധം പരിചരിച്ചില്ലെന്ന് യുവതി കോടതിയിൽ പറഞ്ഞു. വളരെ ബുദ്ധിമുട്ടി ഒറ്റയ്ക്കാണ് കുട്ടിയെ പരിചരിച്ചിരുന്നത്. തൻ്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പൊലീസിൽ പരാതി നൽകിയതെന്നും ഭർത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും യുവതി കോടതിയിൽ വ്യക്തമാക്കി. യുവതിയുടെ വാദങ്ങൾ കൂടി പരിഗണിച്ചാണ് കോടതി വിവാഹമോചന ആവശ്യം തള്ളിയത്.

പ്രസവം കഴിഞ്ഞയുടൻ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തിൽ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളും കോടതി തള്ളി. തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു സ്ത്രീക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന ചെറിയ പിണക്കങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളും വിവാഹമോചനത്തിനുള്ള കാരണങ്ങളല്ലെന്നും അവ ജീവിതത്തിലെ ചെറിയ പോറലുകൾ മാത്രമാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഭാര്യയെയും കുഞ്ഞിനെയും സാമ്പത്തികമായി സംരക്ഷിക്കുന്നതിൽ ഭർത്താവ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം തെറ്റുകൾ മറച്ചുവെക്കാൻ ഭാര്യയുടെ മേൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച് ഭർത്താവിൻ്റെ അപ്പീൽ പൂർണ്ണമായും തള്ളുകയായിരുന്നു.

Content Highlights: A court has rejected a husband’s divorce petition after he sought separation, citing that his wife stayed at her parental home for pregnancy care.

dot image
To advertise here,contact us
dot image