യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യന്‍ എണ്ണ ഇനിയും വരും; രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം

ഏതാനും വര്‍ഷങ്ങളായി വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ റഷ്യന്‍ ക്രൂഡ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് പ്രധാന സ്രോതസ്സായി മാറിയിട്ടുണ്ട്

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യന്‍ എണ്ണ ഇനിയും വരും; രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം
dot image

യുഎസ് ഉപരോധ ഇളവ് പിന്‍വലിച്ചാലും ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരാനാണ് തീരുമാനമെന്നും രാജ്യത്ത് ക്രൂഡ് ഓയില്‍ ക്ഷാമമുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അമേരിക്കന്‍ ഇളവുകളെ ആശ്രയിച്ചല്ലെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. ഇളവിന് മുമ്പും, ഇളവിനിടെയും, ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഈ തീരുമാനങ്ങളെല്ലാം വാണിജ്യപരവും വിപണിയിലെ ആവശ്യം മുന്‍നിര്‍ത്തിയുള്ളതുമാണെന്ന് അവര്‍ വ്യക്തമാക്കി.

രാജ്യത്ത് ക്രൂഡ് ഓയില്‍ ലഭ്യതയ്ക്ക് യാതൊരു ഭീഷണിയുമില്ല. ആവശ്യത്തിന് എണ്ണ, കരാറുകള്‍ വഴി മുന്‍കൂട്ടി ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഉപരോധ നയങ്ങളില്‍ മാറ്റമുണ്ടായാലും ഇന്ത്യയുടെ ഇന്ധന വിതരണത്തെ അത് ബാധിക്കില്ലെന്നും കേന്ദം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ആഗോള എണ്ണവില ഉയര്‍ന്ന നിലയിലാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യ പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് സമ്മര്‍ദ്ദം കൂടിയിട്ടുണ്ട്.

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ വലിയ പങ്കും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍, റഷ്യന്‍ ക്രൂഡ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് പ്രധാന സ്രോതസ്സായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ക്ക് ചെലവ് കുറയ്ക്കാന്‍ ഇത് സഹായിച്ചു. അതേസമയം, ആഗോള എണ്ണവില വര്‍ധന കാരണം രാജ്യത്തെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. വില കൂട്ടിയെങ്കിലും എണ്ണക്കമ്പനികള്‍ക്ക് നൂറുകണക്കിന് കോടി രൂപയുടെ അണ്ടര്‍-റിക്കവറി എല്ലാദിവസവും നേരിടേണ്ടിവരുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ വിതരണം സാധാരണ നിലയില്‍ തുടരുകയാണെന്നും എല്ലാ റീട്ടെയില്‍ പമ്പുകളിലേക്കും ആവശ്യത്തിന് ഇന്ധനം എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: India has assured that its crude oil imports from Russia will continue irrespective of changes in US sanctions waivers, signaling stability in domestic fuel supply amid elevated global crude prices and the ongoing West Asia crisis.

dot image
To advertise here,contact us
dot image