'പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച്ച പൂര്‍ത്തിയാക്കണം'; കര്‍ശന നിര്‍ദേശവുമായി കോടതി

കുടിയൊഴിപ്പിക്കലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

'പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ച്ച പൂര്‍ത്തിയാക്കണം'; കര്‍ശന നിര്‍ദേശവുമായി കോടതി
dot image

കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലില്‍ കര്‍ശന നിര്‍ദേശവുമായി കോടതി. ശനിയാഴ്ച്ചയോടെ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും നടപടിക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ റൂറല്‍ പൊലീസ് മേധാവിക്കാണ് കോടതിയുടെ നിര്‍ദേശം. പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോര്‍ട്ട് വേണമെന്നാണ് ആഭ്യന്തരമന്ത്രി അയച്ച കത്തില്‍ പറയുന്നത്. പൊലീസ് നടപടികളില്‍ വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്നും സമാന സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങൾ വേണമെന്നും ആഭ്യന്തര മന്ത്രി സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നലെ (മെയ് 20) രാവിലെയാണ് എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അതികൃതർ എത്തിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഒഴിപ്പിച്ച ശേഷം അളന്നുതിരിക്കാനായിരുന്നു കോടതി നിര്‍ദേശം. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പ് ഇയാള്‍ക്ക് അനുകൂലമായി വിധി വന്നിരുന്നു. 2023 സെപ്തംബറില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അഭിഭാഷകന്‍ കമ്മീഷന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. ഇത്തരത്തില്‍ പിന്നീടുള്ള 14 തവണയും ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പൊലീസ് സംഘവുമായി അഭിഭാഷക കമ്മീഷന്‍ വീണ്ടുമെത്തി ഒഴിപ്പിക്കല്‍ ആരംഭിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പൊലീസ് നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ പി വി ശ്രീനിജിന്‍ സ്ഥലം സന്ദര്‍ശിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തിരുന്നു.

Content Highlights: The eviction of Pariyathukkavu residents must be completed by Saturday; Court issues strict order

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us