

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് ഭരണ പങ്കാളിത്തം. രണ്ട് കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് വിജയ് മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കന്യാകുമാരി ജില്ലയിലെ കിള്ളിയൂരിൽ നിന്നുള്ള ജനപ്രതിനിധി രാജേഷ് കുമാറും മധുര ജില്ലയിലെ മേലൂരിൽ നിന്നുള്ള പി വിശ്വനാഥനുമാണ് മന്ത്രിമാരായി ചുമതലയേറ്റത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കാമരാജിനെയും രാജീവ് ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രാജേഷ് കുമാർ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ ഇത് സത്യപ്രതിജ്ഞയുടെ ഭാഗമല്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ നിന്നും മത്സരിച്ച് വിജയിച്ച പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പി വിശ്വനാഥൻ. നേരത്തെ 2009 മുതൽ 2014വരെ കാഞ്ചീപുരത്ത് നിന്നുള്ള ലോക്സഭാംഗം കൂടിയായിരുന്നു വിശ്വനാഥൻ. കിള്ളിയൂരിൽ നിന്ന് തുടർച്ചയായി മൂന്നാം തവണ നിയമസഭയിലെത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് രാജേഷ് കുമാർ. തമിഴ്നാട് നിയമസഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് രാജേഷ് കുമാർ.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ തമിഴ്നാട്ടിലെ രണ്ട് പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യം ചേർന്ന് മത്സരിച്ചത് കോൺഗ്രസിൻ്റെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് സഹായകമായിട്ടില്ലെന്ന വിലയിരുത്തിലുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടിവികെയ്ക്ക് ഒപ്പം ചേർന്ന് കോൺഗ്രസ് പുതിയ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. തമിഴ്നാട്ടിൽ ഭരണസംവിധാനത്തിൽ ചേരാൻ തീരുമാനിച്ചതിനെ ആവേശത്തോടെയാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്ന മാണിക്കം ടാഗോറിൻ്റെ പ്രതികരണം ടിവികെ സഖ്യത്തെ കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നതെന്നതിൻ്റെ സൂചനയാണ്.
1967ൽ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസഭയിൽ ഇടം ഉണ്ടായിട്ടില്ല. 1952 മുതൽ 1967 വരെ അധികാരത്തിലിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തി 1967ലാണ് ഡിഎംകെ ആദ്യമായി അധികാരത്തിൽ എത്തുന്നത്. എം ഭക്തവത്സലമായിരുന്നു തമിഴ്നാട്ടിലെ അവസാന കോൺഗ്രസ് എംഎൽഎ. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഡിഎംകെയുമായും എഐഡിഎംകെയുമായും നിരവധി തവണ ഭരണസഖ്യത്തിൽ പങ്കാളികളായിട്ടുണ്ടെങ്കിലും കോൺഗ്രസിന് മന്ത്രിസഭയിൽ പങ്കാളിത്തം ലഭിച്ചിരുന്നില്ല.
തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ടതിന് ശേഷം1971ലാണ് ഇന്ദിരാ ഗാന്ധി നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് ആർ, ഡിഎംകെയ്ക്കൊപ്പം മുന്നണിയുടെ ഭാഗമാകുന്നത്. കാമരാജിൻ്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസിനെ പ്രതിരോധിക്കുന്നതിനായിരുന്നു ഇന്ദിരാ ഗാന്ധി അന്നത്തെ ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യം ചേർന്നത്. എന്നാൽ ഈ സഖ്യം അധികം നീണ്ടില്ല. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1977ൽ കോൺഗ്രസ് എഐഡിഎഎംകെയുമായി സഖ്യത്തിലായി. എന്നാൽ 1979ൽ തഞ്ചാവൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയെ പിന്തുണയ്ക്കാനുള്ള ആവശ്യം എംജിആർ നിഷേധിച്ചതോടെ കോൺഗ്രസ് എഐഎഡിഎംകെ സഖ്യം തകർന്നു. അതോടെ 1980ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഡിഎംകെ സഖ്യത്തിൻ്റെ ഭാഗമായി. എന്നാൽ 1984ലെ പൊതു തെരഞ്ഞെടുപ്പിൽ വീണ്ടും എഐഎഡിഎംകെ കോൺഗ്രസ് സഖ്യം. എംജിആറിന് അമേരിക്കയിൽ ചികിത്സ നടത്തുന്നതിന് ഇന്ദിരാ ഗാന്ധി നൽകിയ സഹായങ്ങൾ മാനിച്ചായിരുന്നു എഐഎഡിഎംകെ കോൺഗ്രസുമായി സഖ്യം ചേർന്നത്. 1987ൽ എംജിആറിൻ്റെ മരണം വരെ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം അചഞ്ചലമനായി തുടർന്നു.
പിന്നീട് 1991-96 കാലയളവിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായും കോൺഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. പിന്നീട് 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ബിജെപിയുമായി സഖ്യത്തിലായതോടെ കോൺഗ്രസ് ബന്ധം ഉലഞ്ഞു. എഐഎഡിഎംകെ-ബിജെപി സഖ്യം ഒരു വർഷം മാത്രമാണ് നീണ്ടത്. 1999ലെ പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ ബിജെപി മുന്നിയുടെ ഭാഗമായി. 2001ൽ കോൺഗ്രസ് വീണ്ടും എഐഎഡിഎംകെ സഖ്യത്തിൻ്റെ ഭാഗമായി. എന്നാൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ ബിജെപി സഖ്യം വിട്ട് പുറത്ത് വരികയും പിന്നീട് യുപിഎയുടെ പങ്കാളികളാകുകയുമായിരുന്നു. ആ ബന്ധമാണ് വിജയ് സർക്കാരിന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ തകർന്നത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നയിക്കുന്ന സെക്യുലർ പ്രോഗ്രസീവ് മുന്നണിയുടെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേടിട്ടത്. 28 സീറ്റിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. 2021ൽ 25 സീറ്റിൽ വിജയിച്ച കോൺഗ്രസ് 18 സീറ്റുകൾ നേടിയിരുന്നു. എന്നാൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് കൂടുതൽ സീറ്റുകളും മന്ത്രിസഭയിലെ പ്രാതിനിധ്യവും ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യം തള്ളിയ ഡിഎംകെ മൂന്ന് സീറ്റുകൾ കോൺഗ്രസിന് അധികമായി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്വന്തം നിലയിൽ കേവലഭൂരിപക്ഷം ഇല്ലാതിരുന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കൂടിയാലോചന നടത്താതെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ ഡിഎംകെ രംഗത്ത് വന്നിരുന്നു.
After a gap of 59 years, Congress secures ministerial berths in the Tamil Nadu government. The party makes a strong comeback, boosted under the wings of Vijay’s TVK as the alliance shows early signs of revival in state politics.