

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ടീമിന്‍റെ ലേല തന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ സിഎസ്‌കെ താരം സുബ്രഹ്മണ്യം ബദരീനാഥ്. 2025ലെ താരലേലത്തിൽ ഡല്‍ഹി ഓപ്പണര്‍ കെഎൽ രാഹുലിനെ സ്വന്തമാക്കാൻ മടി കാണിച്ച സിഎസ്‌കെ, പരിചയസമ്പത്തില്ലാത്ത രണ്ട് യുവതാരങ്ങൾക്കായി വൻ തുക മുടക്കിയതിനെയാണ് ബദരീനാഥ് ചോദ്യം ചെയ്തത്.
ഐപിഎൽ ലേലത്തിൽ കെഎൽ രാഹുലിനായി ഡൽഹി ക്യാപിറ്റൽസുമായി ചെന്നൈ കടുത്ത പോരാട്ടം നടത്തിയിരുന്നു. എന്നാൽ 13.5 കോടി വരെ വിളിച്ച് സിഎസ്‌കെ പിന്മാറുകയും 14 കോടി രൂപയ്ക്ക് ഡൽഹി രാഹുലിനെ സ്വന്തമാക്കുകയുമായിരുന്നു.
എന്നാൽ ലേലത്തിൽ കാർത്തിക് ശർമ്മ, പ്രശാന്ത് വീർ എന്നീ രണ്ട് അൺക്യാപ്പ്ഡ് യുവതാരങ്ങൾക്കായി 14.20 കോടി രൂപ വീതം (ആകെ 28.40 കോടി) സിഎസ്‌കെ ചിലവഴിച്ചു. ഇതാണ് ബദരീനാഥിനെ ചൊടിപ്പിച്ചത്.
കാർത്തിക് ശർമ്മയ്ക്കും പ്രശാന്ത് വീറിനും നിങ്ങൾ 14 കോടിയിലധികം രൂപ വീതം നൽകി. എന്നാൽ മെഗാ ലേലത്തിൽ കെഎൽ രാഹുലിനോട് നിങ്ങൾ എന്താണ് ചെയ്തത്? 13.5 കോടി വരെ നിങ്ങൾ വിലവിളിച്ചു, ഒടുവിൽ 14 കോടിക്ക് ഡൽഹി അവനെ കൊണ്ടുപോയി. ഒരു 50 ലക്ഷം കൂടി മുടക്കിയിരുന്നെങ്കിൽ കെഎൽ രാഹുൽ ചെന്നൈയിൽ എത്തുമായിരുന്നു.
കെഎൽ രാഹുലിന് വേണ്ടി 14-ഓ 15-ഓ കോടി മുടക്കാൻ മടിക്കുന്നവർ, മിനി ലേലത്തിൽ ഒരു അൺക്യാപ്പ്ഡ് യുവതാരത്തിന് അതേ വില നൽകുന്നു. ഇതാണോ ചെന്നൈ പറയുന്ന ആ 'പ്രോസസ്സ്' എന്നും ബദരീനാഥ് ചോദിച്ചു.
സഞ്ജു സാംസണെ ടീമിലെത്തിക്കാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും പോലുള്ള (ഏകദേശം 20 കോടിയോളം മൂല്യമുള്ള) വമ്പൻ കളിക്കാരെ വിട്ടുനൽകേണ്ട അവസ്ഥ ചെന്നൈയ്ക്ക് ഉണ്ടാകുമായിരുന്നില്ലെന്നും രാഹുൽ ഉണ്ടായിരുന്നെങ്കിൽ ടീം കൂടുതൽ ശക്തമാകുമായിരുന്നെന്നും ബദരീനാഥ് കൂട്ടിച്ചേർത്തു. 158 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 46-ലധികം ശരാശരിയിലും 139 സ്ട്രൈക്ക് റേറ്റിലും 5,755 റൺസ് നേടിയിട്ടുള്ള ലീഗിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് കെഎൽ രാഹുൽ.
Content highlights: former cricketer criticizes csk auction strategy over player retention