

വിദേശ സര്‍വകലാശാലകളില്‍നിന്ന് നേടിയ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുടെ സാധുതാ പരിശോധന കുവൈറ്റ് കര്‍ശനമാക്കി. വ്യാജ ബിരുദം കണ്ടെത്താനും തൊഴില്‍ ഗുണനിലവാരം ഉറപ്പുവരുത്താനും കുവൈറ്റ് ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് നടപടി കടുപ്പിച്ചത്. യുഎഇ ഉള്‍പ്പടെയുള്ള നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ സ്വദേശികളുടെയും പ്രവാസികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ തുല്യതാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. ഇതിനു രാജ്യാന്തര വെരിഫിക്കേഷന്‍ ഏജന്‍സികളുമായും വിദേശ രാജ്യങ്ങളിലെ എംബസികളുമായും മന്ത്രാലയം സഹകരണം ശക്തമാക്കിയിട്ടുണ്ട്. കുവൈറ്റില്‍ നിലവില്‍ പ്രഫഷനല്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെയും പുതിയ വീസയില്‍ എത്തുന്നവരുടെയും യോഗ്യത ഉറപ്പാക്കാന്‍ ഈ നീക്കം കാരണമാകും.
അര്‍ഹതയില്ലാത്തവര്‍ വ്യാജ രേഖകള്‍ വഴി തസ്തികകള്‍ കൈക്കലാക്കുന്നത് തടയാനും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴില്‍ സുരക്ഷിതത്വം കൂട്ടാനുമാണു പുതിയ നടപടി. ജോലിക്കായി വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് 10 വര്‍ഷം വരെ തടവോ, 10 ലക്ഷം ദിര്‍ഹം വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതോ ഉപയോഗിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാജന്മാരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെയും നിയമം ശക്തമാക്കും.
Content Highlights: Kuwait authorities have introduced stricter inspection and verification systems to identify individuals using fake educational degrees. The move aims to ensure transparency, protect job standards, and prevent certificate fraud across various sectors.