

ഡൽഹി: ഡൽഹി കൂട്ടബലാത്സംഗക്കേസിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാക്കൾ. നിർഭയ കേസിന്റെ ഓർമ്മകൾ പങ്കുവെച്ചാണ് പ്രതിപക്ഷത്തിൻ്റെ പ്രതികരണം. രാജ്യതലസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന വ്യാപക വിമർശനമാണ് ഉയരുന്നത്.
കൂട്ടബലാത്സംഗക്കേസിൽ പ്രതികരിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. എക്സ് പോസ്റ്റിലൂടെയാണ് അദേഹം പ്രതികരിച്ചത്. നിർഭയക്കേസിൽ നിന്ന് ഒന്നും പഠിച്ചില്ലെന്ന് രൂക്ഷമായി വിമർശിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍. സംഭവത്തെ "സമൂഹത്തിനേറ്റ കളങ്കം" എന്നാണ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. "നിർഭയ ആവർത്തിച്ചു" എന്നാണ് ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് മേധാവി സൗരഭ് ഭരദ്വാജും പ്രതികരിച്ചത്.
ഡൽഹിയിലെ റാണി ബാഗിൽ വെച്ച് മെയ് 11 ന് രാത്രിയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. കേസിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ഡൽഹി പീതംപുര സ്വദേശിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രൂരപീഡനത്തിന് ഇരയായത്. സ്ത്രീ സുരക്ഷയെക്കുറിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ച 2012 ലെ നിർഭയ കൂട്ടബലാത്സംഗ കേസിന് സമാനമായ കേസെന്നാണ് പൊലീസ് പറഞ്ഞത്.
റാണി ബാഗിൽ വഴിയോരത്ത് നിർത്തിയിരുന്ന ബസിലേക്ക് ബലമായി പിടിച്ചുകയറ്റിയാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. നിർത്തിയിട്ട ബസ് പിന്നീട്ട് യുവതിയുമായി നാംഗ്ലോയ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ഫാക്ടറി ജീവനക്കാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സരസ്വതി വിഹാറിലെ ബി-ബ്ലോക്ക് ബസ് സ്റ്റാൻഡിന് സമീപം എത്തിയ യുവതി ബസിൻ്റെ സമയം അന്വേഷിക്കാനായി ഒരു സ്വകാര്യ ബസിന്റെ വാതിലിനടുത്ത് നിന്നിരുന്ന ഒരാളെ സമീപിച്ചെന്നും ഇയാൾ ഉടനെ തന്നെ യുവതിയെ ബലമായി ബസിൽ കയറ്റുകയുമായിരുന്നു. തുടർന്ന് വാഹനം നംഗ്ലോയിയിലേക്ക് നീങ്ങിയെന്നും ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു.
രണ്ട് പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിപ്പെട്ട സ്ത്രീയിൽ നിന്ന് പിസിആർ കോൾ ലഭിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ റാണി ബാഗ് പലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64(1) (ബലാത്സംഗം), 70(1) (കൂട്ടബലാത്സംഗം), 3(5) (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതായും സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വൈദ്യപരിശോധന നടത്തിയെന്നും അത് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights:Delhi bus gang rape: 'Nothing learned from Nirbhaya case': Arvind Kejriwal