

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നായകനായ 'തമിഴന്‍' സിനിമ പുറത്തിറങ്ങിയത് 2002-ലായിരുന്നു.
ചിത്രത്തില്‍ ഒരു സുപ്രധാന രംഗത്തില്‍, വിജയ് വേഷമിട്ട സൂര്യ എന്ന കഥാപാത്രം രാജ്യത്തിന്റെ കുടിശ്ശികയുള്ള കടം വീട്ടുന്നതിനുള്ള സംഭാവനയായി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 4,000 രൂപയുടെ ചെക്ക് അയക്കുന്നുണ്ട്.
ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. അതുപക്ഷേ സിനിമയിലല്ല. യഥാര്‍ത്ഥ ജീവിതത്തില്‍. ചെന്നൈ സ്വദേശിയായ അരുണ്‍ ലോഗനാഥനാണ് സിനിമയിലെ കഥ യാഥാര്‍ത്ഥ്യമാക്കിയത്. സിനിമയില്‍ നടന്‍ ചെയ്തതുപോലെ അരുണ്‍ ചെയ്തു, സംസ്ഥാനത്തിന്റെ കടങ്ങള്‍ വീട്ടുന്നതിനുള്ള സംഭാവനയുടെ ഭാഗമായി അദ്ദേഹം 22,674 രൂപ മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചു.
തന്റെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ ശ്രമമാണിതെന്നായിരുന്നു അരുണിന്റെ പ്രതികരണം. വില്ലിവാക്കം പോസ്റ്റ് ഓഫീസിലെത്തിയാണ് അരുണ്‍ ഈ തുക നിക്ഷേപിച്ചത്. സംഭാവനയ്ക്ക് പിന്നില്‍ അരുണിന് ഒരു ഉദ്ദേശ്യം കൂടിയുണ്ട്. കുട്ടിക്കാലത്തുതന്നെ പോളിയോ ബാധിതനായ അരുണ്‍ വീൽ ചെയറിലാണ് സഞ്ചരിക്കുന്നത്. വികലാംഗരെക്കൂടി ഉള്‍ക്കൊള്ളുന്ന ഇടങ്ങളും അവര്‍ക്ക് എല്ലായിടത്തും എത്തിച്ചേരാനുള്ള സൗകര്യങ്ങളും നല്‍കുന്നതിലേക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഇതിലൂടെ അരുൺ ആഗ്രഹിക്കുന്നത്.
'ഈ പങ്ക് സംസ്ഥാനത്തിന്റെ കടങ്ങള്‍ തീര്‍ക്കുന്നതിനല്ല. മറിച്ച്, ഭിന്നശേഷിക്കാര്‍ക്ക് സഹായകമാകുന്ന ഒരു ചെറിയ ചുവടുവയ്പ്പാണ്,' അരുൺ പറഞ്ഞു. ഒരു മെന്റലിസ്റ്റ് കൂടിയായ അരുണ്‍ ടിവി പ്രോഗ്രാമുകളില്‍ പതിവായി പങ്കെടുക്കുമായിരുന്നു. ഡോ. അംബേദ്കര്‍ ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. ''കോളേജില്‍ പഠിക്കുമ്പോള്‍ തമിഴന്‍ കണ്ടതിന്റെ മനോഹരമായ ഓര്‍മ്മകള്‍ എനിക്കുണ്ട്, നായകന്റെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞു,'' അദ്ദേഹം ഓര്‍മ്മിക്കുന്നു.
Content Highlights: Chennai man donates rs 22,674 to CM Relief Fund inspired by Vijay’s ‘Thamizhan’