

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്.
ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവാൾ യുവമോർച്ച പ്രവർത്തകനാണ്. മാംഗിലാൽ ബിവാൾ ഇയാളുടെ സഹോദരനാണ്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാസിക്കില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരൻ മനീഷ് യാദവിനെ പൊലീസ് പിടികൂടി. മനീഷിനൊപ്പം ഒന്‍പത് പേരെയും നാസിക്ക് പൊലീസ് പിടികൂടിയിരുന്നു. രാജസ്ഥാന്‍ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
തൊട്ടുപിന്നാലെ ഒരു എംബിബിഎസ് വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ശുഭം ഖൈർനാറിനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥി ചോദ്യ പേപ്പറിൻ്റെ പകർപ്പ് ഹരിയാന സ്വദേശിക്ക് കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ച വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേസ് സർക്കാർ സിബിഐക്ക് വിട്ടത്. കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു അഞ്ച് പേരുടെ അറസ്റ്റ്. വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് സിബിഐയുടെ തീരുമാനം.
Content Highlights: CBI arrested 5 persons on Neet question paper leak