

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെയും ഇന്ധന വില വർധനവിനെയും തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ.വ്യോമാതിർത്തി നിയന്ത്രണങ്ങളും വർധിച്ച് വരുന്ന വിമാന ഇന്ധന വിലയും കണക്കിലെടുത്ത് അടുത്ത രണ്ട് മാസത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിച്ചുരുക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. എന്നിരുന്നാലും പ്രതിമാസം 1200ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടരുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകളിൽ ചില നിയന്ത്രണങ്ങളാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. സർവീസുകളിൽ വന്ന മാറ്റവും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 വിമാനങ്ങളും, യൂറോപ്പിലേക്ക് ആഴ്ചയിൽ 47 വിമാനങ്ങളും, യുകെയിലേക്ക് ആഴ്ചയിൽ 57 വിമാനങ്ങളും, ഓസ്‌ട്രേലിയയിലേക്ക് ആഴ്ചയിൽ എട്ട് വിമാനങ്ങളും, ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് മേഖലകൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളും, മൗറീഷ്യസിലേക്ക് (ആഫ്രിക്ക) ആഴ്ചയിൽ ഏഴ് വിമാനങ്ങളുമാണ് സർവീസ് നടത്തുക.
അതോടൊപ്പം തന്നെ ഡൽഹി-ചിക്കാഗോ, മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പൂർ എന്നീ സർവീസുകളും താത്കാലികമായി നിർത്തി വെയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വ്യോമയാന ടർബൈൻ ഇന്ധന വില (എടിഎഫ്) കുതിച്ചുയർന്നിരുന്നു. ആഗോള വില വർധന കണക്കിലെടുത്ത് ഇന്ധനത്തിൻ്റെ എക്സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും കമ്പനികൾ അടച്ച് പൂട്ടലിൻ്റെ വക്കിലാണെന്നും അറിയിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന എയർലൈൻ ബോഡിയാണ് സർക്കാരിന് കത്തയച്ചത്.
Content Highlights: Air India to cut international flights amid airspace restrictions, high fuel costs