

കൊൽക്കത്ത: ഭബാനിപൂർ മണ്ഡലം നിലനിർത്തി നന്ദിഗ്രാം സീറ്റ് ഒഴിയാൻ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ സുവേന്ദു അധികാരി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് തനിക്ക് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്നും അതിനാൽ നന്ദിഗ്രാം മണ്ഡലം വിടുകയാണെന്നുമാണ് സുവേന്ദു അധികാരി അറിയിച്ചത്. മമത ബാനർജിയുടെ ശക്തികേന്ദ്രമായിരുന്ന രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചാണ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
2020ൽ തൃണമൂൽ കോൺഗ്രസ് വിട്ട ശേഷം ബിജെപി അംഗമായ സുവേന്ദു അധികാരി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതാ ബാനർജിയെ തോൽപ്പിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളിലാണ് പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുഖമായി സുവേന്ദു അധികാരി മാറിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത് സുവേന്ദു അധികാരിയുടെ രാഷ്ട്രീയ പ്രതിച്ഛായ തന്നെ മാറ്റി. നന്ദിഗ്രാം സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക പങ്കുവഹിച്ച മണ്ഡലമാണ്. അന്നത്തെ മത്സരം അധികാരിയെ ബംഗാളിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമാക്കി മാറ്റുകയായിരുന്നു.
മെയ് ഒമ്പതിനാണ് സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. 294 അംഗ നിയമ സഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
Content Highlights: Suvendu Adhikari, Chief Minister of West Bengal, decided to retain the Bhabanipur constituency and vacate the Nandigram seat