

ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ അബുദാബിയിലെ അബ്ഷാന്‍ ഗാസ് പ്ലാന്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ 80 ശതമാനം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് അഡ്നോക് വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അബുദാബിയിലെ അബ്ഷാന്‍ ഗ്യാസ് പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായത്. ഇറാനില്‍ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും നേരിടാന്‍ യുഎഇയുടെ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒരു ഈജിപ്ഷ്യന്‍ പൗരന്റെ മരണത്തിനും ഇത് കാരണമായി. ആക്രമണത്തിന് പിന്നാലെ പ്ലാന്റിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ എത്തിത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അഡ്‌നോക് തുടക്കം കുറിച്ചിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം 60 ശതമാനം പുനസ്ഥാപിക്കാനും അഡ്‌നോക്കിന് കഴിഞ്ഞു. രണ്ടാം ഘട്ടമെന്ന നിലയില്‍ 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ തുടര്‍ച്ചയായ തടസ്സങ്ങള്‍ ഉണ്ടായിട്ടും അഡ്നോക് ഗ്യാസ് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 1.1 ബില്യണ്‍ ഡോളര്‍ നികുതി വരുമാനം നേടിയിരുന്നു. എന്നാല്‍ ഹോര്‍മുസ് ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാല്‍, ഗ്യാസിന്റെ രണ്ടാം പാദ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് കമ്പനി അറിയിച്ചു. അറ്റാദായം 400 മില്യണ്‍ മുതല്‍ 600 മില്യണ്‍ ഡോളര്‍ വരെ കുറയുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlights: The Abshan gas plant in Abu Dhabi, which suffered damage during previous attacks, is currently undergoing restoration. Authorities are actively working to repair infrastructure and restore normal operations, ensuring stability in energy production.