ടയർ മാറ്റിയിടാൻ കാർ റോഡരികിൽ നിർത്തി; ബെംഗളൂരുവിൽ കണ്ടെയ്‌നർ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഏഴ് പേര്‍ക്ക് പരിക്കേറ്റു

ടയർ മാറ്റിയിടാൻ കാർ റോഡരികിൽ നിർത്തി; ബെംഗളൂരുവിൽ കണ്ടെയ്‌നർ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം
dot image

ബെംഗളൂരു: ടയര്‍ മാറ്റിയിടുന്നതിനായി റോഡരികില്‍ നിര്‍ത്തിയ കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മലയാളി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയന്‍തോട്ടില്‍ ദിവ്യ (34), സഹോദരന്‍ ദീപക് (27) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സേലം പാതയില്‍ (എന്‍എച്ച് 844) കൃഷ്ണഗിരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ചക്രം കേടായതിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ചക്രം മാറ്റുന്നതിനിടെയാണ് അപകടം. കാറിന്റെ പിന്നിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഇവരുടെ അച്ഛന്‍ രവീന്ദ്രന്‍ (59), അമ്മ പാര്‍വതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭര്‍ത്താവ് പട്ടാമ്പി ഓങ്ങല്ലൂര്‍ കരിമ്പുള്ളി തെക്കേതില്‍ വിനീത് (44), ഇവരുടെ മക്കളായ അഭിന്‍ദേവ് (12), അഖില്‍ദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

പരിക്കേറ്റ ഇവരെ കൃഷ്ണഗിരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സരോജിനിയെ പിന്നീട് കൃഷ്ണഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തില്‍ ജോലിചെയ്യുകയായിരുന്ന ദീപക് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. കുടുംബാംഗങ്ങളുമൊത്ത് ബെംഗളൂരുവിലെ ബന്ധുവീട് സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണമായ സംഭവമുണ്ടായത്.

Content Highlights: Malayali brothers die in Bengaluru after being hit by a container lorry

dot image
To advertise here,contact us
dot image