യുഎസ് ഉപരോധ ഭീഷണി: റഷ്യന്‍ എല്‍എന്‍ജി വേണ്ടെന്നുവച്ച് ഇന്ത്യ, സിംഗപ്പൂരില്‍ കുടുങ്ങി ഗ്യാസ് ടാങ്കര്‍

എണ്ണ കപ്പലുകള്‍ക്ക് സമുദ്രത്തില്‍വച്ച് ഷിപ്-ടു-ഷിപ് ട്രാന്‍സ്ഫര്‍ വഴി ചരക്കുകള്‍ മാറ്റി ഉറവിടം മറയ്ക്കാന്‍ സാധിക്കുമ്പോള്‍, എല്‍എന്‍ജി ചരക്കുകള്‍ പ്രത്യേക ടാങ്കറുകളും ടെര്‍മിനലുകളും വഴിയാണ് കൈകാര്യം ചെയ്യേണ്ടത്

യുഎസ് ഉപരോധ ഭീഷണി: റഷ്യന്‍ എല്‍എന്‍ജി വേണ്ടെന്നുവച്ച് ഇന്ത്യ, സിംഗപ്പൂരില്‍ കുടുങ്ങി ഗ്യാസ് ടാങ്കര്‍
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാണെങ്കിലും റഷ്യന്‍ പ്രകൃതി വാതകം തല്‍ക്കാലം വാങ്ങേണ്ടതില്ലെന്ന് ഇന്ത്യയുടെ തീരുമാനം. ഇതോടെ റഷ്യന്‍ ഗ്യാസ് ടാങ്കര്‍ സിംഗപ്പൂര്‍ തീരത്തിനു സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇന്ധന ക്ഷാമം നേരിടുന്ന സാഹചര്യത്തിലും, ഉപരോധിത ചരക്കുകള്‍ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറിയത് ശ്രദ്ധേയമാണ്.

റഷ്യയിലെ ബാള്‍ട്ടിക് കടല്‍തീരത്തുള്ള അമേരിക്കന്‍ ഉപരോധ പട്ടികയിലുള്ള പോര്‍ട്ടോവായ പ്ലാന്റില്‍ നിന്നുള്ള എല്‍എന്‍ജിയാണ് ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്. 1,38,200 ഘനമീറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ഏപ്രില്‍ പകുതിയോടെയാണ് റഷ്യയില്‍ നിന്ന് പുറപ്പെട്ടത്. ഇത് ഗുജറാത്തിലെ ദഹേജ് എല്‍എന്‍ജി ടെര്‍മിനലിലേക്കാണ് വരുന്നതെന്ന് ഷിപ്പിങ് ഡേറ്റ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് കപ്പലിന്റെ ലക്ഷ്യസ്ഥാനം ഒഴിവാക്കുകയും ഇപ്പോള്‍ അത് സിംഗപ്പൂരില്‍ കടലില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യന്‍ മന്ത്രിയായ പവേല്‍ സൊറോകിന്‍ ഏപ്രില്‍ 30ന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപരോധത്തിന് വിധേയമായ എല്‍എന്‍ജി ഇന്ത്യ വാങ്ങില്ലെന്ന് അന്ന് ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

റഷ്യന്‍ ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ എല്‍എന്‍ജി ക്രൂഡ് ഓയില്‍ പോലെ മറച്ചുവെക്കാന്‍ എളുപ്പമല്ല. എണ്ണ കപ്പലുകള്‍ക്ക് സമുദ്രത്തില്‍വച്ച് ഷിപ്-ടു-ഷിപ് ട്രാന്‍സ്ഫര്‍ വഴി ചരക്കുകള്‍ മാറ്റി ഉറവിടം മറയ്ക്കാന്‍ സാധിക്കുമ്പോള്‍, എല്‍എന്‍ജി ചരക്കുകള്‍ പ്രത്യേക ടാങ്കറുകളും ടെര്‍മിനലുകളും വഴിയാണ് കൈകാര്യം ചെയ്യേണ്ടത്. അവയെ ട്രാക്ക് ചെയ്യുന്നതും ഉപരോധ ലംഘനം കണ്ടെത്തുന്നതും കൂടുതല്‍ എളുപ്പമാണ്. ഇതാണ് ഇന്ത്യയെ കൂടുതല്‍ ജാഗ്രതയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും ഇന്ത്യയുടെ ഗ്യാസ് വിതരണത്തെ ബാധിച്ചിരിക്കുകയാണ്. ഇന്ത്യ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ പകുതിയോളം ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. ഇതില്‍ വലിയൊരു പങ്കും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിലാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യയ്ക്ക് ഉപരോധിത എല്‍എന്‍ജി വില്‍ക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഇന്ത്യ പൂര്‍ണമായും റഷ്യന്‍ എല്‍എന്‍ജി നിരസിച്ചിട്ടില്ല. അമേരിക്കന്‍ ഉപരോധത്തിന് വിധേയമല്ലാത്ത റഷ്യന്‍ എല്‍എന്‍ജി വാങ്ങുന്നതിന് ഇന്ത്യ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ അത്തരം ഗ്യാസ് വിതരണത്തിന്റെ ഭൂരിഭാഗവും ഇതിനകം യൂറോപ്യന്‍ രാജ്യങ്ങളുമായി കരാറിലായതിനാല്‍ ഇന്ത്യയ്ക്ക് ലഭ്യത കുറവാണെന്ന് സൂചനയുണ്ട്. മറുവശത്ത്, ചൈന ഇപ്പോഴും ഉപരോധിതവും അല്ലാത്തതുമായ റഷ്യന്‍ എല്‍എന്‍ജി വന്‍തോതില്‍ വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: India has told Russia it will not buy liquefied natural gas cargoes covered by US sanctions. The decision has left a tanker waiting near Singapore and underlined the compliance risks around Russian LNG.

dot image
To advertise here,contact us
dot image