'വന്ന മഴയോട് പോകാൻ ആവശ്യപ്പെടുന്നത് മൂല്യങ്ങൾക്ക് എതിര്'; Rain Rain Go Away വേണ്ടെന്ന് UP വിദ്യാഭ്യാസ മന്ത്രി

കാര്‍ഷികരാജ്യമായ നമുക്ക് മഴ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു

'വന്ന മഴയോട് പോകാൻ ആവശ്യപ്പെടുന്നത് മൂല്യങ്ങൾക്ക് എതിര്'; Rain Rain Go Away വേണ്ടെന്ന് UP വിദ്യാഭ്യാസ മന്ത്രി
dot image

ലഖ്‌നൗ: 'ജോണി ജോണി യെസ് പപ്പ' എന്ന കവിതയ്ക്ക് പിന്നാലെ 'റെയിന്‍ റെയിന്‍ ഗോ എവേ'യും പാഠപുസ്‌കങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് യുപി മന്ത്രി. വരികള്‍ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായയുടെ പ്രസ്താവന.

'ജോണി ജോണി യെസ് പപ്പ', 'റെയിന്‍ റെയിന്‍ ഗോ എവേ' എന്നീ രണ്ട് ജനപ്രിയ ഇംഗ്ലീഷ് നഴ്സറി റൈമുകള്‍ കുട്ടികളുടെ മനസ്സില്‍ സത്യസന്ധതയില്ലായ്മയുടെ വിത്തുകള്‍ വിതയ്ക്കുന്നുവെന്നും അവ ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ആദ്യം ആഗ്രയില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി ആദ്യം ഇക്കാര്യം പറഞ്ഞത്.

പിന്നാലെ ശനിയാഴ്ച ലഖ്നൗവിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴും ഇത് ആവര്‍ത്തിച്ചു.

രക്ഷിതാക്കളോട് കുട്ടികളെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നതാണ് 'ജോണി ജോണി യെസ് പപ്പ' എന്നാരോപിച്ചാണ് നേരത്തെ പാഠപുസ്തകത്തില്‍ നിന്നും പാട്ട് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. ജോണിക്ക് കളിക്കണം, അതിനാൽ അവന്‍ മഴയോട് പോകാന്‍ ആവശ്യപ്പെടുന്നു. വന്ന മഴയോട് പോകാന്‍ പറയുന്നത് നമ്മുടെ മൂല്യങ്ങള്‍ക്കെതിരാണെന്നാണ് പുതിയ പ്രസ്താവന.

കാര്‍ഷിക രാജ്യമായ നമുക്ക് മഴ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ കവിത ഒഴിവാക്കണമെന്നും പരമ്പരാഗത ഹിന്ദി കവിതകള്‍ ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2012, 2017, 2022 വർഷങ്ങളിലെ യുപി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഉപാധ്യായ നിലവിൽ ആഗ്ര സൗത്ത് സീറ്റിൽ നിന്നുള്ള എംഎൽഎയാണ്.

Content Highlights: UP Education Minister says Johnny Johnny Yes Papa is against Indian culture

dot image
To advertise here,contact us
dot image