ചേട്ടൻ വിസിലടിക്കുമോ!; ലഖ്‌നൗവിനെതിരെ ചെന്നൈയുടെ നിർണായക പോരാട്ടം ഇന്ന്

ഉച്ച തിരിഞ്ഞ് നാല് മണി മുതലാണ് മത്സരം.

ചേട്ടൻ വിസിലടിക്കുമോ!; ലഖ്‌നൗവിനെതിരെ ചെന്നൈയുടെ നിർണായക പോരാട്ടം ഇന്ന്
dot image

ഐ പി എൽ സൂപ്പർ സൺഡേയിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്സും തമ്മിൽ സൂപ്പർ പോരാട്ടം. ഉച്ച തിരിഞ്ഞ് നാല് മണി മുതലാണ് മത്സരം.

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സ്വന്തം മണ്ണിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, യുവതാരം കാർത്തിക് ശർമ്മ എന്നിവരുടെ ഫോം ടീമിന് കരുത്തേകുന്നു.

പരിക്കിന്‍റെ നിഴലിലുള്ള എം എസ് ധോണി ഇന്ന് കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അക്കീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവരടങ്ങിയ ബൗളിംഗ് നിരയും സജ്ജമാണ്.

മറുവശത്ത്, പത്ത് മത്സരങ്ങളിൽ ഏഴിലും തോറ്റ ലഖ്‌നൗവിന് ഓരോ മത്സരവും നിർണ്ണായകമാണ്. റിഷഭ് പന്ത്, മിച്ചൽ മാർഷും നിക്കോളാസ് പൂരൻ എന്നിവർ ബാറ്റിംഗിൽ തിളങ്ങിയാൽ ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ലക്നൗവിന് സാധിക്കും.

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിന് തകര്‍ത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ പ്ലേ ഓഫ് പോരാട്ടം വീണ്ടും കടുത്തു. ഗുജറാത്ത് തോറ്റിരുന്നെങ്കില്‍ അത് ചെന്നൈക്ക് അനുകൂലമാകുമായിരുന്നു. ചെന്നൈക്ക് ഗുജറാത്തിനെതിരെ മത്സരമുണ്ടെങ്കിലും രാജസഥാനെതിരെ മത്സരമില്ല.

അതുകൊണ്ട് തന്നെ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍റെ വരാനിരിക്കുന്ന മത്സരങ്ങളിലെ ഫലം കൂടി ആശ്രയിച്ചു മാത്രമെ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവു. ലഖ്‌നൗവും ഡല്‍ഹിയും മുംബൈയുമാണ് രാജസ്ഥാന്‍റെ അവസാന മൂന്ന് കളികളിലെ എതിരാളികള്‍ എന്നതും ചെന്നൈക്ക് ഭീഷണിയാണ്. ഇന്നത്തേത് ഉള്‍പ്പെടെ ചെന്നൈക്കെതിരെ രണ്ട് മത്സരങ്ങളും രാജസ്ഥാനും പഞ്ചാബിനുമെതിരെ ഓരോ മത്സരങ്ങളും ബാക്കിയുള്ള ലഖ്‌നൗവിനാകട്ടെ എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല.

content highlights: sanju samson waiting; chennai vs luckhnow ipl match preview


dot image
To advertise here,contact us
dot image