

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ദിര ഗ്യാരന്റിയെന്ന പേരില്‍ പുറത്തിറക്കിയ മാനിഫെസ്‌റ്റോയിലാണ് യുഡിഎഫ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകുമെന്നും ഇതിനകം വിമര്‍ശനമുയരുന്നുണ്ട്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോള്‍ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ സാധ്യതാപഠനം ആരംഭിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ പ്രതിദിനം 23 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ഇതില്‍ പകുതിയോളം സ്ത്രീകളാണ്. യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാന്‍ പല രീതിയില്‍ ആലോചന നടക്കുന്നുണ്ട്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി നല്‍കുക എന്നതാണ് ആദ്യത്തേത്. സ്ത്രീകളുടെ ടിക്കറ്റ് തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ബജറ്റില്‍ ഇതിനായി പ്രത്യേകം തുക വകയിരുത്തണം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി യാത്രക്കാരായ സ്ത്രീകളുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികമായി പല തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കിയാല്‍ അത് സാമ്പത്തിക അസമത്വം സൃഷ്ടിക്കും. അതിനാല്‍ ഗുണഭോക്താക്കളെ കണ്ടെത്തി സേവനം ഉറപ്പാക്കുന്നതാണ് അടുത്ത രീതി. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ഥിനികള്‍, കുറഞ്ഞ വരുമാനമുള്ളവര്‍, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെ മാനദണ്ഡം വയ്ക്കാം. സ്മാര്‍ട്ട് കാര്‍ഡ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് ദുരുപയോഗം ഒഴിവാക്കാം.
ഇവ സാധിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സര്‍വീസ് തുടങ്ങുക എന്നതാണ് മറ്റൊരു മാര്‍ഗം. താരതമ്യേന ചെലവു കുറഞ്ഞ ഇലക്ട്രിക് ബസ്സുകള്‍ സംസ്ഥാന വ്യാപകമാക്കി, അതില്‍ മാത്രമായി സൗജന്യ യാത്രയ്ക്ക് സൗകര്യമൊരുക്കാം. സൗജന്യ യാത്ര ഓര്‍ഡിനറി ബസില്‍ മാത്രമായി ചുരുക്കിയാല്‍ ഇതര സര്‍വീസുകളുടെ വരുമാനത്തെ ബാധിക്കില്ല. പരസ്യ വരുമാനത്തിലൂടെ പദ്ധതിക്കുവേണ്ട ചെലവുകൂടി കണ്ടെത്തുകയാണ് മറ്റൊരു വഴി. ബസ്സുകളിലെ ഡിജിറ്റല്‍ പരസ്യം വഴിയോ ഷോപ്പിങ് കോംപ്ലക്‌സുകള്‍ വിപുലപ്പെടുത്തിയോ ഇതിനു സാധ്യത തേടാം.
കെഎസ്ആര്‍ടിസിയെ പൊതുമേഖലാ സ്ഥാപനമായി നിര്‍ത്തുന്നതിനു പകരം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇതില്‍ ഏത് നടപ്പാക്കിയാലും കൃത്യമായ പ്ലാനിങ്ങും ദീര്‍ഘവീക്ഷണവും ഉണ്ടായിരിക്കണം. വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യം ഒഴിവാക്കുകയെന്നത് അനിവാര്യമാണ്.
Content Highlights: Free Travel for Women in KSRTC, Possibilities of Implementing UDF's Indira Guarantee