ആരാണ് ശരി, തെറ്റ് എന്ന് പറയാനാവില്ല, ദൃശ്യം-4 വേണോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ,' മോഹൻലാൽ

ദൃശ്യത്തിന് നാലാം ഭാഗം വേണമോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പക്ഷേ ആന്റണിക്ക് വ്യത്യസ്തമായ പ്ലാനാണുള്ളത്. നമുക്ക് ദൃശ്യത്തിന്റെ അഞ്ചാംഭാഗം കൂടി ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്

ആരാണ് ശരി, തെറ്റ് എന്ന് പറയാനാവില്ല, ദൃശ്യം-4 വേണോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ,' മോഹൻലാൽ
dot image

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം മെയ് 1 ന് പുറത്തിറങ്ങും. ജോർജ്കുട്ടിയുടെ പേടിയിലൂടെയും ഇമോഷൻസിലൂടെയും ആണ് മൂന്നാം ഭാഗം കഥ പറയുന്നത്. സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മോഹൻലാൽ. പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും അഞ്ചാം ഭാഗം വരെ പ്ലാനിൽ ഉണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു പ്രതികരണം.

'ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ജോർജ്ജ്കുട്ടി ആരാണെന്ന് എനിക്കറിയില്ല. അത്യപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. നമ്മൾ സിനിമ ചെയ്യുമ്പോൾ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറച്ചുകഴിയുമ്പോൾ മനസിലാകും. അങ്ങനെ ഒരുപാട് സിനിമകളുണ്ട്. പക്ഷേ ദൃശ്യം ഇപ്പോൾ മൂന്നാം ഭാഗത്തിലെത്തിനിൽക്കുമ്പോഴും ജോർജ്ജ്കുട്ടി ശരിക്കും ആരാണെന്ന് ഒരു നടനായ എനിക്ക് മനസിലായില്ല. അയാൾ എന്റെ കയ്യിൽനിന്നൊക്കെ പോയി. അതുതന്നെയാണ് ജീത്തുവും പറഞ്ഞത്.

പതിമൂന്ന് വർഷമായി ഈ കുടുംബത്തിനൊപ്പം സഞ്ചരിക്കുന്നയാളാണ് ജോർജ്ജ്കുട്ടി. അയാൾക്ക് ഒരു രഹസ്യം ഒളിപ്പിച്ചുവെയ്ക്കേണ്ടിവന്നു. അല്ലാതെ കുറ്റമൊന്നും ചെയ്തില്ല. അയാളുടെ മകൾക്കും ഭാര്യക്കും കുടുംബത്തിനുംവേണ്ടി അയാൾക്കൊരു സത്യം ഒളിപ്പിക്കേണ്ടിവന്നു. നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് അയാൾ പറഞ്ഞു. അയാളുടെ ആ വാക്കും പ്രതിജ്ഞയും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ 13 വർഷമായി അയാൾ വലിയൊരു യാത്രയിലാണ്. തനിക്ക് ഭയമാണെന്ന് ജോർജ്ജ്കുട്ടി ഈ സിനിമയിൽ പറയുന്നുണ്ട്. ഭയമില്ലാത്തയാളൊന്നുമല്ല അയാൾ. അയാളുടെ കുടുംബത്തെയോർത്താണ് ആ പേടി.

കുറ്റബോധം എവിടെയെങ്കിലും അയാൾക്ക് ഇറക്കിവെയ്ക്കണം. രണ്ട് അച്നമ്മമാരുടേയും കുട്ടികളുടേയും കഥയാണിത്. രണ്ടുകൂട്ടരും തുല്യദുഃഖിതരാണ്. ആരാണ് ശരി, തെറ്റ് എന്ന് പറയാനാവില്ല. ഭയങ്കരമായ ഭാരം തലയിൽപേറി നടക്കുന്നയാളാണ് ജോർജ്ജ്കുട്ടി. ജോർജ്ജ്കുട്ടിയെ ഒന്ന് രക്ഷിക്കൂ എന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇനിയും രക്ഷപ്പെടുത്തിയിട്ടില്ല. ദൃശ്യത്തിന് നാലാം ഭാഗം വേണമോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പക്ഷേ ആന്റണിക്ക് വ്യത്യസ്തമായ പ്ലാനാണുള്ളത്. നമുക്ക് ദൃശ്യത്തിന്റെ അഞ്ചാംഭാഗം കൂടി ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്,' മോഹൻലാൽ പറഞ്ഞു.

Content Highlights:  Mohanlal has said that the future of Drishyam ultimately depends on the audience. Responding to questions about a possible fourth installment, the actor remarked that viewers should decide whether they want another chapter in Georgekutty’s journey.

dot image
To advertise here,contact us
dot image