

ഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ട പ്രദേശങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും. സംശയകരായ സാഹചര്യത്തിലുള്ള എന്ത് നീക്കവും കൃത്യമായി നിരീക്ഷിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന വസ്തുക്കൾ, അതിസുരക്ഷാ മേഖലയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവയിലെല്ലാം ശ്രദ്ധ വേണമെന്നാണ് അറിയിപ്പ്.
പ്രധാനപ്പെട്ട ഓഫീസുകൾ, തിരക്കുനിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചാവേർ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമേ വെടിവെപ്പ്, വാഹനങ്ങളിൽ ഐഇഡി സ്ഥാപിച്ചുകൊണ്ടുള്ള ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇതിന് പിന്നാലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനം, സമീപമുള്ള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അധികമായി സായുധ സേന ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹനങ്ങളുടെ പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, മാർക്കറ്റുകൾ, ട്രാൻസ്‌പോർട്ട് ഹബ്ബുകൾ, നഗരത്തിലെ മറ്റ് തിരക്കുള്ളയിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ കർശനമാക്കി. ബോംബ് സ്‌ക്വാഡ്, സ്‌നിഫർ ഡോഗ് യൂണിറ്റ്, ക്വിക്ക് റിയാക്ഷൻ ടീം, ഡൽഹി ഫയർ സർവീസ് എന്നിവരെല്ലാം സജ്ജമാണ്. മുതിർന്ന ഉദ്യോഗസ്ഥർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ 15പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights: Authorities have intensified security measures in Delhi after intelligence agencies warned of a possible threat targeting the BJP headquarters. The alert has prompted heightened vigilance and monitoring in the national capital.