

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയ പാർട്ടി സഹപ്രവർത്തകരെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും താക്കീത് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനാധിപത്യത്തിന് മേലുള്ള കനത്ത ഭീഷണിയാണെന്നാണ് രാഹുലിന്റെ നിലപാട്. ആരുടെയും പേര് പ്രത്യേകം പരാമർശിക്കാതെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
'കോൺഗ്രസിലെ ചിലരും, മറ്റ് പലരും തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിൽ അമിതമായ ആഹ്ലാദത്തിലാണ്. അവർ ഇക്കാര്യം വ്യക്തമായി മനസിലാക്കണം. അസമിലും ബംഗാളിലും നടന്ന ജനവിധിയിലെ വോട്ടുമോഷണം എന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബിജെപി ലക്ഷ്യത്തിന്റെ ഏറ്റവും വലിയ ചുവടുവയ്പ്പുകളിൽ ഒന്നാണ്'- രാഹുൽ പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യം മാറ്റിവച്ച് മുന്നോട്ടു പോകണമെന്നാണ് മറ്റ് രാഷ്ട്രീയ പാർട്ടികളോട് അദ്ദേഹം പറഞ്ഞത്. വില കുറഞ്ഞ രാഷ്ട്രീയം മാറ്റിവയ്ക്കുക. ഇത് ഏതെങ്കിലും പാർട്ടിയെ കുറിച്ചല്ല പറയുന്നത്. ഇന്ത്യയെ കുറിച്ചാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. പതിനഞ്ച് വർഷം നീണ്ട മമതാ ബാനർജിയുടെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. സംസ്ഥാനത്തെ നൂറോളം സീറ്റുകൾ ബിജെപി മോഷ്ടിച്ചു എന്നാണ് മമതയുടെ ആരോപണം. എന്നാൽ ആരോപണങ്ങളെല്ലാം ബിജെപി തള്ളിക്കളഞ്ഞു. അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
Content Highlights: Rahul Gandhi reprimanded party workers for celebrating following the West Bengal election results. He urged restraint and emphasized the need for responsible conduct in response to the outcome.