'രാജ്യസഭാ എംപിയായിരുന്നില്ലെങ്കിൽ വിവാഹം പോലും നടക്കില്ലായിരുന്നു'; രാഘവ് ഛദ്ദയ്‌ക്കെതിരെ സൗരഭ് ഭരദ്വാജ്

2023 സെപ്റ്റംബര്‍ മാസത്തിലാണ് ബോളിവുഡ് നടി പരിനീതി ചോപ്രയും രാഘവുമായുള്ള വിവാഹം നടന്നത്

'രാജ്യസഭാ എംപിയായിരുന്നില്ലെങ്കിൽ വിവാഹം പോലും നടക്കില്ലായിരുന്നു'; രാഘവ് ഛദ്ദയ്‌ക്കെതിരെ സൗരഭ് ഭരദ്വാജ്
dot image

ന്യൂഡല്‍ഹി: രാഘവ് ഛദ്ദ ആംആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് തുടരുന്നു. രാഘവ് ഛദ്ദ രാജ്യസഭാ എംപിയായിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിവാഹം പോലും നടക്കില്ലായിരുന്നുവെന്നാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറയുന്നത്.

ആം ആദ്മി പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ രാഘവ് ഛദ്ദ പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടി വീഡിയോയുമായാണ് സൗരഭ് രംഗത്തെത്തിയിരിക്കുന്നത്. ഈ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് വിവാഹം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

'നിങ്ങൾക്ക് പാർട്ടി വിടാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാം നൽകിയ പാർട്ടിക്കെതിരെ നിങ്ങൾ ഗൂഢാലോചന നടത്തി. ഇന്ന് നിങ്ങൾക്ക് വിവാഹം കഴിക്കാൻ കഴിഞ്ഞെങ്കിൽ, ഈ പാർട്ടി നിങ്ങളെ ഒരു രാജ്യസഭാ എംപിയാക്കിയതുകൊണ്ടാണ്', സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയുമായി രാഘവ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

2023 സെപ്റ്റംബര്‍ മാസത്തിലാണ് ബോളിവുഡ് നടി പരിനീതി ചോപ്രയും രാഘവുമായുള്ള വിവാഹം നടന്നത്.

ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഘവിനെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അണ്‍ഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഓരോ മണിക്കൂറിലും ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞുവരികയാണ്.

‘വിഷലിപ്തമായ തൊഴിൽസ്ഥല’മാണ് ആംആദ്മി പാർട്ടി എന്നായിരുന്നു പാർട്ടി വിട്ടതിന് പിന്നാലെയുള്ള രാഘവിന്റെ പ്രതികരണം. പാർട്ടിക്കുവേണ്ടി കഠിനമായി അധ്വാനിച്ചെന്നും യൗവ്വനത്തിലെ പതിനഞ്ച് വർഷം എഎപിക്കായി നൽകിയെന്നും രാഘവ് ഛദ്ദ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

Content Highlights: Saurabh Bharadwaj Attacks Raghav Chadha about marriage

dot image
To advertise here,contact us
dot image