

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്ലിനിടെ 240 സിസിടിവി ക്യാമറകള്‍ ഓഫാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. 37-കാരനായ മഞ്ജുനാഥ്, 19-കാരനായ അബ്ദുള്‍ കലാം എന്നിവരാണ് പിടിയിലായത്. സ്റ്റേഡിയത്തില്‍ നിരീക്ഷണ ക്യാമറകളുടെ സേവനം നല്‍കുന്ന കമ്പനിയിലെ ജീവനക്കാരാണിവരെന്നാണ് വിവരം.
ഏപ്രില്‍ 24-ന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിന് മുന്‍പാണ് സംഭവം. വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുബ്ബോണ്‍ പാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാക്ക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ആദിത്യ ഭട്ട് ആണ് പരാതി നല്‍കിയത്. പാസില്ലാതെ ഇരുവരും സിസിടിവി കണ്‍ട്രോള്‍ റൂമില്‍ പ്രവേശിച്ചുവെന്നും വീഡിയോ റെക്കോര്‍ഡര്‍ സിസ്റ്റങ്ങളും അനുബന്ധ ഫൈബര്‍ കണക്ഷനുകളും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റേഡിയത്തില്‍ സാധാരണയായി നടത്താറുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രവേശന കവാടമുള്‍പ്പെടെയുള്ള വിവിധയിടങ്ങളിലെ 240 സിസിടിവി ക്യാമറകളാണ് കൂട്ടത്തോടെ ഓഫാക്കിയ നിലയില്‍ കാണപ്പെട്ടത്. പ്രവേശന വിലക്കുള്ള സിസിടിവി കണ്‍ട്രോള്‍ റൂമില്‍ ഇവര്‍ അനുമതിയില്ലാതെ കടക്കുകയും ഉപകരണങ്ങള്‍ നശിപ്പിച്ചെന്നുമാണ് പരാതിയിലുണ്ടായിരുന്നത്.
ഇവര്‍ കണ്‍ട്രോള്‍ റൂമുള്‍പ്പെടെ പ്രവേശനവിലക്കുള്ള മുറികളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, ശമ്പളം കൃത്യമായി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ഏകദേശം 10 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
24-ാം തീയതി രാവിലെ 11.30 ഓടെയാണ് സംഭവം നടന്നതെന്നും രണ്ട് ജീവനക്കാര്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ച് സിസിടിവി ഫൈബര്‍ കണക്ഷനുകളും വീഡിയോ റെക്കോര്‍ഡറും നശിപ്പിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അക്ഷയ് എം ഹക്കായി പറഞ്ഞു.
ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഒരു മണിക്കൂറിനുള്ളില്‍ ശരിയാക്കി. പ്രാഥമിക അന്വേഷണത്തില്‍, ഈ രണ്ട് ജീവനക്കാര്‍ക്കും കമ്പനിയോടുള്ള വ്യക്തിപരമായ വിരോധമാണ് ഇതിന് കാരണമെന്നാണ് മനസിലായത്. ഒരുപക്ഷേ അവര്‍ക്ക് ശമ്പളം ലഭിച്ചിട്ടുണ്ടാകില്ല. ഉടന്‍ തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കും. ഒരു മണിക്കൂറിനുള്ളില്‍ എല്ലാ സിസിടിവികളും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നും മത്സരത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
Content Highlights: Over 240 CCTV cameras disabled in Chinnaswamy stadium before RCB vs Gujarat Titans IPL match