ഗതാ​ഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യം; ഒന്നിലധികം ആളുകള്‍ക്ക് ഒരുമിച്ച് സഞ്ചരിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ

ഒരു വാഹനത്തില്‍ ഒന്നിലധികം ആളുകള്‍ സഞ്ചരിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് യാത്രാ ചെലവും ഗണ്യമായി കുറക്കാനാകും.

ഗതാ​ഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യം; ഒന്നിലധികം ആളുകള്‍ക്ക് ഒരുമിച്ച് സഞ്ചരിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ
dot image

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പുതിയ നീക്കവുമായി ബഹ്റൈന്‍. ഇതിന്റെ ഭാഗമായി ഒന്നിലധികം ആളുകള്‍ ഒരിമിച്ച് സഞ്ചരിക്കുന്ന സ്മാര്‍ട്ട് ഷെയേര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. തിരക്കേറിയ സമയങ്ങളില്‍ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതിലൂടെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയുമെന്നാണ് വിലയിരുത്തല്‍.

ബഹ്‌റൈനിലെ വിവിധ മേഖലകളില്‍ ഗതാഗതക്കരുക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്മാര്‍ട്ട് ഷെയേര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കുന്നത്. ഒരേ ദിശയിലേക്ക് പോകുന്ന ഒന്നിലധികം ആളുകള്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതാണ് പദ്ധതി. പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയായിരിക്കും യാത്രയുടെ ഏകോപനം സാധ്യമാക്കുക.

തിരക്കേറിയ സമയങ്ങളില്‍ റോഡിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായകമാകുമെന്നും വിലയിരുത്തുന്നു. ഒരു വാഹനത്തില്‍ ഒന്നിലധികം ആളുകള്‍ സഞ്ചരിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് യാത്രാ ചെലവും ഗണ്യമായി കുറക്കാനാകും.

ഗതാഗത മന്ത്രാലയത്തിലെ നിയമ ഉപദേഷ്ടാവ് ഡോ. ഫരീദ് അല്‍ രാജോ, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പദ്ധതിയുടെ സാധ്യതകളും നടപ്പിലാക്കല്‍ രീതികളും വിലയിരുത്തി. എന്‍ജിനീയര്‍ മുഹമ്മദ് തൗഫീഖ് അല്‍ അബ്ബാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പദ്ധതി നടപ്പിലാകുന്നതോടെ നഗര ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Bahrain introduces a shared travel system encouraging multiple people to travel together to reduce traffic congestion and improve road efficiency.

dot image
To advertise here,contact us
dot image