

ബഹ്റൈനില്‍ വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി. ഒന്നാം പാദത്തിലെ ഫീസ് അടവ് നീട്ടിവെക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് അതേറിറ്റി പുറത്തിറക്കി. സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിന്റെയും ഭാഗമായാണ് നടപടി.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലക്ക് ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം. ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, ഫര്‍ണീഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, ടൂറിസം വിഭാഗത്തില്‍പ്പെടുന്ന റെസ്റ്റോറന്റുകള്‍ എന്നിവക്കാണ് ഒന്നാം പാദത്തിലെ ഫീസ് അടവ് നീട്ടിവെക്കാന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫീസ് അടവ് മാറ്റിവക്കല്‍ നിര്‍ബന്ധമല്ലെന്നും ആവശ്യാനുസരണം സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.
ടൂറിസം മേഖലയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ബിസിനസുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക വഴക്കം നല്‍കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ടൂറിസം സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കാനും വ്യവസായത്തിന്റെ വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കാനും ഈ നടപടി സഹായകമാകുമെന്ന് ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി വ്യക്തമാക്കി. ഇതിന് പുറമെ വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ സാമ്പത്തിക സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ക്രമീകരിക്കാനും ഇത് സാഹയകമാകുമെന്നും വിലയിരുത്തപ്പെടുന്നു. സ്വകാര്യ മേഖലയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Content Highlights: Bahrain announces a relief plan for the tourism sector, allowing businesses to postpone first quarter fee payments for financial support.