ബംഗാൾ തെരഞ്ഞെടുപ്പ്: ബോംബ് നിർമ്മിക്കുന്നവരെ കണ്ടെത്താൻ പൊലീസിന് കർശന നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് കാശിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാജർഹട്ടിലെ ഒരു ഒഴിഞ്ഞ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബുകളും വെടിമരുന്നും ഉൾപ്പെടെ കണ്ടെത്തിയിരുന്നു

ബംഗാൾ തെരഞ്ഞെടുപ്പ്: ബോംബ് നിർമ്മിക്കുന്നവരെ കണ്ടെത്താൻ പൊലീസിന് കർശന നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
dot image

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏപ്രിൽ 29ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കാനിരിക്കെ ക്രൂഡ് ബോംബ് നിർമാണം തടയാൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര സേനക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.

ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ദിനത്തിൽ ബോംബ് സ്‌ഫോടനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ക്രൂഡ് ബോംബുകൾ നിർമ്മിക്കുന്നവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന നിർദേശം സംസ്ഥാന പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോംബുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് കാശിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാജർഹട്ടിലെ ഒരു ഒഴിഞ്ഞ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബുകളും വെടിമരുന്നും ഉൾപ്പെടെ കണ്ടെത്തിയിരുന്നു.

വോട്ടർമാരെ ഭീഷണിപ്പെടുത്തുക, വോട്ടിങ് ദിനത്തിൽ വോട്ടർമാരെ ഭയപ്പെടുത്താനായി സ്‌ഫോടനവസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ തടയാൻ കൊൽക്കത്ത പൊലീസിനും ജില്ലാ പൊലീസിനും കഴിഞ്ഞില്ലെങ്കിൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. പൊലീസ് വകുപ്പുമായി നടത്തിയ സംയുക്ത യോഗത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

അതേസമയം സംസ്ഥാനത്ത് നിന്നും 79ഓളം ക്രൂഡ് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് കേസെടുത്തത്. ഉത്തർകാശി പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് എൻഐഎ ഏറ്റെടുത്തത്. മനുഷ്യജീവന് അപകടമാകുന്ന തരത്തിലാണ് വെടിമരുന്ന് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. രാഫികുൾ ഇസ്ലാം എന്നയാളുടെ വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

79 നാടൻ ബോംബുകൾ, 3.37 കിലോഗ്രാം വെടിമരുന്ന്, 1.61 കിലോഗ്രാം സൾഫർ, ചണക്കയറുകൾ, മറ്റ് സ്‌ഫോടകവസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് സ്‌ഫോടക വസ്തുക്കൾ നീക്കി. അതേസമയം സൗത്ത് 24 പർഗാനാസിലെ ടിഎംസി - ബിജെപി സംഘർഷത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.

Content Highlights: The Election Commission has directed police to strictly identify and track bomb makers in West Bengal ahead of the elections.

dot image
To advertise here,contact us
dot image