മാലേഗാവ് സ്‌ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരായ കുറ്റപത്രം റദ്ദാക്കി; തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

എല്ലാ പ്രതികളും കുറ്റവിമുക്തരായതോടെ കേസിലെ വിചാരണ നടപടികൾക്കും അവസാനമായി

മാലേഗാവ് സ്‌ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരായ കുറ്റപത്രം റദ്ദാക്കി; തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി
dot image

മുംബൈ: 2006ലെ മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ നാല് പ്രതികൾക്കെതിരായ കുറ്റപത്രം ബോംബെ ഹൈക്കോടതി റദ്ദാക്കി. അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയിലെ നാല് പേരെയാണ് കുറ്റവിമുക്തരാക്കിയത്. 2006 സെപ്തംബർ ആറിനായിരുന്നു മാലേഗാവ് മസ്ജിദിന് സമീപം 37 പേർ കൊല്ലപ്പെട്ട സ്‌ഫോടനം. എൻഐഎ പ്രതിചേർത്ത രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ്മ, ധൻ സിങ് മനോഹർ റാംസിങ് നർവാരിയ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. നാല് പ്രതികൾക്കുമെതിരെ എൻഐഎ നൽകിയ കുറ്റപത്രം നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തീവ്ര ഹിന്ദുത്വ നിലപാട് സംഘടനയുടെ ഭാഗമായിരുന്ന പ്രതികളാണ് കുറ്റവിമുക്തരാക്കപ്പെട്ടത്. മറ്റ് ചില സ്‌ഫോടനക്കേസുകളിൽ പ്രതിയായ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയനുസരിച്ചാണ് കേസിലെ അന്വേഷണം അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയിലേക്കും നാല് പേരുടെ അറസ്റ്റിലേക്കും എത്തിയത്.

എല്ലാ പ്രതികളും കുറ്റവിമുക്തരായതോടെ കേസിലെ വിചാരണ നടപടികൾക്കും അവസാനമായി. മാലേഗാവിലെ ഹമിദിയ മസ്ജിദിനും ഖബറിസ്ഥാനിനും സമീപം നടന്ന സ്‌ഫോടനത്തിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് എത്തിയ 37 പേരാണ് നാല് തുടർ സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 300ലധികം പേർക്ക് പരിക്കേറ്റു. എൻഐഎ ആദ്യം പ്രതിചേർത്ത ഒൻപത് മുസ്‌ലിം യുവാക്കളെ എൻഐഎ കോടതി 2019ൽ കുറ്റവിമുക്തരാക്കി. ഒൻപത് പ്രതികൾക്കും എതിരെ മതിയായ തെളിവുകൾ ഇല്ലെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തൽ.

Content Highlights: The Bombay High Court has quashed charges against four accused in the Malegaon blast case

dot image
To advertise here,contact us
dot image