

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിൽ 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശം. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ് എം ദണ്ഡപാണി അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
തമിഴ്‌നാട് സർക്കാരിനോട് സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് 20-ന് താൻ അപേക്ഷിച്ചെങ്കിലും അധികൃതർ നൽകാൻ വിമുഖത കാട്ടുന്നുവെന്നാരോപിച്ചാണ് പാർഥിപൻ കോടതിയിൽ ഹർജി സമർപ്പിച്ചത്.
പതിനൊന്നാംക്ലാസ് വരെ പഠിച്ച താൻ സർട്ടിഫിക്കറ്റുകൾ വാങ്ങാതെതന്നെ പഠനം നിർത്തിയതായും അതിനാൽ ജാതിയും മതവും വെളിപ്പെടുത്തുന്ന ജനന സർട്ടിഫിക്കറ്റോ സ്‌കൂൾ സർട്ടിഫിക്കറ്റോ കൈവശമില്ലെന്നും പ്രായപൂർത്തിയായതിനുശേഷം മതപരവും ജാതിപരവുമായ സ്വത്വം താൻ പാടേ ഉപേക്ഷിച്ചതായും വ്യക്തമാക്കി.
നിർമാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ താൻ ഭാഗമാകുന്ന എല്ലാ സിനിമകളിലും ജാതി, മത രഹിതമായ സമൂഹത്തിനായി വാദിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പാർഥിപൻ പറഞ്ഞു. സ്കൂൾപ്രവേശനം ഉൾപ്പെടെ പലവിധ ആവശ്യങ്ങൾ പരിഗണിച്ച് മകനും മകൾക്കും ജാതിസർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്.
Content Highlights:Madras High Court orders to issue caste and religion-free certificate to Tamil actor and director Parthipan