

പത്തുവര്‍ഷം മുമ്പ് പ്രീമിയര്‍ ലീഗ് ജേതാക്കളായിരുന്നു ലെസ്റ്റര്‍ സിറ്റി. ഇനി പ്രീമിയര്‍ ലീഗ് ഫുട്‌ബോളെന്ന കടമ്പയിലെത്താന്‍ ലെസ്റ്ററിന് കുറച്ചധികം വിയര്‍ക്കേണ്ടിവരും. കഴിഞ്ഞതവണ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ടീം ഈ സീസണില്‍ മൂന്നാം ഡിവിഷനിലേക്കാണ് കൂപ്പുകുത്തി വീണത്. നിര്‍ണായക മത്സരത്തില്‍ ഹള്‍ സിറ്റിയോട് സമനില വഴങ്ങിയത് ലെസ്റ്റര്‍ സിറ്റിക്ക് വിനയായി. ലെസ്റ്ററിന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് ലീഗ് വണ്ണിലേക്ക് തരംതാഴ്ത്തപ്പെടുന്നത്. 2023ലും 2025ലും പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്തായ ലെസ്റ്ററിന് ഇത് മൂന്നാമത്തെ തരംതാഴ്ത്തലുമാണ്. മൂന്നാം ഡിവിഷനിലേക്കുള്ള തരംതാഴ്ത്തപ്പെടലിന് കാഠിന്യവുമേറെ.
2015-16 സീസണിലാണ് ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ജേതാക്കളായത്. കൃത്യം പത്തുവര്‍ഷത്തിന് ശേഷമാണ് ലെസ്റ്ററിന് കടുത്ത ആഘാതമേറ്റത്. ഹള്‍സിറ്റിക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയില്‍ത്തന്നെ ലെസ്റ്റര്‍ ഗോള്‍ വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടുഗോളടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തി. ജോര്‍ദാന്‍ ജെയിംസും ലൂക്ക് തോമസുമാണ് ഗോള്‍നേടിയത്. എന്നാല്‍, പിന്നീടുള്ള ഹള്‍ സിറ്റിയുടെ മുന്നേറ്റം ലെസ്റ്ററിന് തിരിച്ചടിയായി. ലെസ്റ്ററിന്റെ പ്രതിരോധത്തിലെ വിള്ളലുകള്‍ ഹള്‍ സിറ്റി മുതലെടുത്തു. പന്തടക്കത്തിലും ഷോട്ടുകളിലും ലെസ്റ്റര്‍ സിറ്റിക്ക് മുന്നേറ്റമുണ്ടാക്കാനായെങ്കിലും ലക്ഷ്യങ്ങളില്‍ പിഴച്ചു. പോയിന്റ് പട്ടികയില്‍ 23-ാം സ്ഥാനത്താണ് ലെസ്റ്റര്‍ സിറ്റി.
2015-16 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ 38 മത്സരങ്ങളില്‍ 23ലും ജയിച്ച ടീം, ആകെ തോറ്റത് മൂന്നുമത്സരങ്ങള്‍ മാത്രം. 12 കളിയില്‍ സമനില വഴങ്ങി. 81 പോയിന്റോടെയാണ് അന്ന് ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജേതാക്കളായത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെയും മാഞ്ചെസ്റ്റര്‍ സിറ്റിയെയും ലിവര്‍പൂളിനെയും ആഴ്‌സനല്‍, ചെല്‍സി തുടങ്ങിയ വമ്പന്മാരെയെല്ലാം ഭയപ്പെടുത്തിയ ടീമാണ് ഇന്ന് മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടത്.
content highlights: Premier League winners Leicester City relegated to League One