

ടെസ്ല തങ്ങളുടെ ജനപ്രിയ മോഡലായ 'മോഡല്‍ വൈ'യുടെപുതിയ ലോങ്ങ് വീല്‍ബേസ് 6-സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 'മോഡല്‍ വൈ എല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീമിയം ഇലക്ട്രിക് എസ്‌യുവി, മോഡല്‍ വൈയെ അപേക്ഷിച്ച് കൂടുതല്‍ നീളമുള്ള പതിപ്പാണ്. മൂന്ന് വരികളിലായി ആറ് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സ്ഥലസൗകര്യം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല പുതിയ മോഡല്‍ അവതരിപ്പിച്ചത്. 61.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
പ്രധാന സവിശേഷതകള്‍
വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ടെസ്ല ഷോറൂമുകളില്‍ ഏപ്രില്‍ 23 മുതല്‍ വാഹനം നേരിട്ട് കാണാന്‍ സാധിക്കും. കൂടുതല്‍ ബൂട്ട് സ്‌പേസും (2,539 ലിറ്റര്‍ വരെ) മെച്ചപ്പെട്ട സസ്പെന്‍ഷനും നല്‍കുന്നതിലൂടെ ദീര്‍ഘദൂര യാത്രകള്‍ക്കും കുടുംബങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ വാഹനമായി ടെസ്‌ല മോഡല്‍ വൈ എല്ലിനെ അവതരിപ്പിക്കുന്നു.
ടെസ്‌ലയ്ക്ക് ഇന്ത്യയിലെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. 2025-ല്‍ ഇന്ത്യയില്‍ വെറും 225 കാറുകള്‍ മാത്രമാണ് കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചത്. വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാറുകള്‍ക്ക് സര്‍ക്കാര്‍ 70% മുതല്‍ 110% വരെ ഇറക്കുമതി തീരുവ ഈടാക്കുന്നുണ്ട്. ഇത് കാറിന്റെ വില കുത്തനെ കൂട്ടുന്നു. ചൈനീസ് കമ്പനിയായ ബിവൈഡി പോലുള്ള ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ കരുത്താര്‍ജ്ജിക്കുന്നത് ടെസ്‌ലയ്ക്ക് വെല്ലുവിളിയാണ്. വര്‍ഷം 2500 കാറുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്‌ല ഇന്ത്യയില്‍ എത്തിയതെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.
Content Highlights: Tesla launches long-wheelbase six-seater Model Y L in India at Rs 61.99 lakh