

ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഫര്‍മാനെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി പരാതിക്കാരന്‍ പ്രഥം ദുബെ. ഫര്‍മാനെതിരെ പോക്‌സോ പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായാണ് പ്രഥം ദുബെ പറഞ്ഞത്. മധ്യപ്രദേശ് പൊലീസിനാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും പറഞ്ഞതായി പ്രഥം ദുബെ പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു പ്രഥം ദുബെയുടെ പ്രതികരണം.
അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് പട്ടികവര്‍ഗ കമ്മീഷന്‍ അധ്യക്ഷന്‍ ആരാഞ്ഞുവെന്നും ഇരു പൊലീസിന്റെയും നടപടികളില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറഞ്ഞു. അതേസമയം മകളെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴി നല്‍കിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സിനിമയില്‍ അഭിനയിപ്പിക്കാന്‍ എന്ന് തന്നെയും ഫര്‍മാന്‍ തെറ്റിദ്ധരിപ്പിച്ചു. മകളെ എത്രയും വേഗം തിരിച്ച് എത്തിക്കണം എന്ന് പെണ്‍കുട്ടിയുടെ അമ്മയും പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ മധ്യപ്രദേശ് പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നുമായിരുന്നു ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ അറിയിച്ചത്.
കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആധാറും പാന്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയതെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹം നടന്നതില്‍ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.
കേസില്‍ ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.
Content Highlights- The complainant stated that the SC/ST Commission has directed legal action against Firman over the marriage controversy involving a viral Kumbh Mela star.