

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ വര്‍ദ്ധന. കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ തൊഴില്‍ മേഖലകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന 'ബഹ്‌റൈനൈസേഷന്‍' നിയമം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശക്തമാക്കി.
ബഹ്‌റൈനിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം സ്വദേശി-വിദേശി തൊഴിലാളികള്‍ക്കിടയിലെ വേതന വ്യത്യാസം ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചത്. പാര്‍ലമെന്റില്‍ എംപി ഹമദ് അല്‍ ദോയിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയത്.
സ്വദേശിവത്ക്കരണത്തിന് കരുത്തേകുന്നതിനൊപ്പം നിലവിലുള്ള വേതന പിന്തുണ പദ്ധതികളും പരിശീലന പരിപാടികളും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഫീസ് വര്‍ദ്ധനവ് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ മാന്യമായ വേതനവും കൂടുതല്‍ അവസരങ്ങളും ലഭ്യമാക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണ നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന 'ബഹ്‌റൈനൈസേഷന്‍' നിയമം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും.
നിയമം ലംഘിക്കുന്ന കമ്പനികള്‍ നിയമ നപടിക്ക് പുറമെ വലിയ പിഴയും നല്‍കേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ഉള്‍പ്പെടെ മുന്‍ഗണന നല്‍കും. ഇതിന് പുറമെ കമ്പനികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും നല്‍കും. മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്തെ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇപ്പോള്‍ നടന്നു വരുന്ന പരിശോധനകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. വേതന പിന്തുണ പദ്ധതിയുടെ മറവില്‍ സ്വദേശി തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്ന പ്രവണത തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: