എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,600 കോടിയുടെ നഷ്ടം; പെട്രോള്‍, ഡീസല്‍ വിലയില്‍ വരാനിരിക്കുന്നത് വന്‍ മാറ്റം?

വിപണി വിദഗ്ധരുടെ കണക്കനുസരിച്ച്, പെട്രോളിന് ലിറ്ററിന് 15 മുതല്‍ 20 രൂപ വരെയും ഡീസലിന് അതിലും ഉയര്‍ന്ന തുകയും എണ്ണ കമ്പനികള്‍ക്ക് നിലവില്‍ നഷ്ടം സംഭവിക്കുന്നുണ്ട്

എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,600 കോടിയുടെ നഷ്ടം; പെട്രോള്‍, ഡീസല്‍ വിലയില്‍ വരാനിരിക്കുന്നത് വന്‍ മാറ്റം?
dot image

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ 2022 മേയിലാണ് ഇന്ധനവിലയില്‍ കാര്യമായ മാറ്റമുണ്ടായത്. രാജ്യത്ത് വില കൂട്ടാത്തത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. വിപണി വിദഗ്ധരുടെ കണക്കനുസരിച്ച്, പെട്രോളിന് ലിറ്ററിന് 15 മുതല്‍ 20 രൂപ വരെയും ഡീസലിന് അതിലും ഉയര്‍ന്ന തുകയും എണ്ണ കമ്പനികള്‍ക്ക് നിലവില്‍ നഷ്ടം സംഭവിക്കുന്നുണ്ട്.

പ്രതിദിനം ഏകദേശം 1,200 കോടി മുതല്‍ 1,600 കോടി രൂപ വരെയാണ് കമ്പനികളുടെ മൊത്തം നഷ്ടമായി കണക്കാക്കുന്നത്. ഒരു മാസം ഇത് 48,000 കോടി രൂപയോളം വരും. സാധാരണയായി അസംസ്‌കൃത എണ്ണവില കൂടുമ്പോള്‍ പമ്പുകളിലും വില കൂടേണ്ടതാണ്. എന്നാല്‍ മുന്‍പ് കുറഞ്ഞ നിരക്കില്‍ വാങ്ങിയ എണ്ണയുടെ ശേഖരം, റിഫൈനറികളില്‍ നിന്നുള്ള ലാഭം എന്നിവ ഉപയോഗിച്ചാണ് കമ്പനികള്‍ ഇപ്പോള്‍ ഈ നഷ്ടം നികത്തുന്നത്. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി നയങ്ങളും വില നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇന്ത്യയില്‍ ഇന്ധനവില പലപ്പോഴും രാഷ്ട്രീയ തീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയാണ്. മേയ് 4നാണ് വോട്ടെണ്ണല്‍. മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരിക്കുകയും വോട്ടെണ്ണലിന് ശേഷം വില കൂട്ടുകയും ചെയ്ത ചരിത്രമുണ്ട്. നിലവിലെ സാഹചര്യത്തിലും വിപണി നിരീക്ഷകര്‍ സമാന മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.

ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയാണെങ്കില്‍, ഇപ്പോഴത്തെ വിലയില്‍ ഇന്ധനം വില്‍ക്കുന്നത് കമ്പനികള്‍ക്ക് അസാധ്യമാകും. ബാരലിന് 95 ഡോളറില്‍ താഴെയാണെങ്കില്‍ അടുത്ത 3 മുതല്‍ 6 മാസം വരെ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ വില 100 ഡോളര്‍ കടന്നാല്‍, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകാനോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് സബ്സിഡി നല്‍കാനോ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലികമായി ആശ്വാസമാണെങ്കിലും, എണ്ണ കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ ഇത് ബാധിക്കുന്നുണ്ട്.

Content Highlights: How long can oil companies keep petrol, diesel prices unchanged?

dot image
To advertise here,contact us
dot image