

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണം ചെയ്യുമെന്ന വിശ്വാസത്തില്‍ ബിജെപി, കോണ്‍ഗ്രസ് ക്യാമ്പുകള്‍. 90 സീറ്റുകൾ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. ജനം തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും ഉയര്‍ന്ന പോളിംഗ് ശതമാനം അസമീസ് ജനതയുടെ ഉറച്ച നിലപാടാണെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
2016 മുതല്‍ അസമീസ് വോട്ടര്‍മാരുടെ പോളിംഗ് ശതമാനത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പില്‍ അത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പല പോളിംഗ് ബൂത്തുകളില്‍ 94 മുതല്‍ 95 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയതായി ചില എംഎല്‍എമാരും സ്ഥാനാര്‍ത്ഥികളും തന്നോട് പറഞ്ഞു.
തെരഞ്ഞെടുപ്പുകളെ ഗൗരവമായി എടുത്തില്ലെങ്കില്‍ രാജ്യത്ത് തുടരാനാകില്ലെന്നും എല്ലാം നഷ്ടപ്പെടുന്ന ഒരു ദിവസം വരുമെന്നും അസമീസ് ജനത തിരിച്ചറിഞ്ഞിരുന്നു. ഏകദേശം 90 സീറ്റുകള്‍ ലഭിക്കുമെന്ന് തനിക്ക് തോന്നുന്നു. അത് 100 ല്‍ എത്തിയാലും ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 18 മുതല്‍ 22 സീറ്റിലേക്ക് ചുരുങ്ങും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ ന്യൂനപക്ഷ മേഖലയില്‍ ഉണ്ടായിട്ടുള്ള വോട്ടിംഗ് വര്‍ധന ഗുണം ചെയ്യും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വിശാല സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും എന്ന് എപിസിസി അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് പറഞ്ഞിരുന്നു.
ഇത്തവണ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള സര്‍ക്കാര്‍ രൂപീകരിക്കപ്പെടും. സംസ്ഥാനത്ത് വേണ്ടത്ര തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവജനങ്ങള്‍ അതൃപ്തിയിലായിരുന്നു. തേയില വ്യവസായത്തെയോ പ്രാദേശിക വ്യവസായങ്ങളെയോ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഗൗരവ് ഗൊഗോയ് ആരോപിച്ചിരുന്നു.
85.9 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. ഏഴ് മണ്ഡലങ്ങളില്‍ 95 ശതമാനത്തിനു മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. മെയ് നാലിനാണ് ഫലപ്രഖ്യാപനം.
Content Highlights: Assam CM Himanta Biswa Sarma says NDA will get around 90 seats in assembly polls