

കൂടുതല്‍ നിയന്ത്രണം ബാധകമായ 'അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സികളുടെ നിര്‍വചനത്തില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തുന്നു. ഒരു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ ആസ്തിയുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ 'അപ്പര്‍ലെയര്‍ എന്‍ബിഎഫ്‌സികളായി' പരിഗണിക്കും. ഇതുസംബന്ധിച്ച് കരടു വ്യവസ്ഥ പ്രസിദ്ധീകരിച്ചു.

നിലവില്‍ ആസ്തിക്കു പുറമേ സങ്കീര്‍ണമായ സ്‌കോറിങ് കൂടി പരിഗണിച്ചാണ് 'അപ്പര്‍ ലെയര്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനു പകരം ഒരുലക്ഷം കോടി രൂപ ആസ്തിയെന്ന വ്യവസ്ഥ കൊണ്ടുവന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ബിഎഫ്‌സികളെയും അപ്പര്‍ ലെയറില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. ഒരുലക്ഷം കോടി രൂപയുടെ ആസ്തിയുള്ളതിനാല്‍ ഹഡ്‌കോ, പിഎഫ്‌സി, ആര്‍ഇസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും അപ്പര്‍ ലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടേക്കും.
നിലവില്‍ അപ്പര്‍ ലെയര്‍ വിഭാഗത്തില്‍പ്പെട്ട ടാറ്റ ടണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമോയെന്ന ചോദ്യങ്ങള്‍ ഉയരുന്ന തിനിടെയാണ് ആര്‍ബിഐ നിര്‍വചനം പരിഷ്‌കരിക്കുന്നത്. അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സികള്‍ ലിസ്റ്റ് ചെയ്യണമെന്ന് ആര്‍ബിഐ 3 വര്‍ഷം മുന്‍പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലിസ്റ്റ് ചെയ്യുന്നതിനോട് ടാറ്റ സണ്‍സിലെ പ്രധാനികള്‍ക്ക് യോജിപ്പില്ല. അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി വിഭാഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റ സണ്‍സ് നല്‍കിയ അപേക്ഷയില്‍ ആര്‍ബിഐ ഇതുവരെ നടപടിയെടുത്തിട്ടില്ല.
എന്നാല്‍ കമ്പനി ലിസ്റ്റ് ചെയ്യണമെന്നാണ് ടാറ്റാ സണ്‍സില്‍ 18.37% ഓഹരിയുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ആവശ്യം. കമ്പനി ലിസ്റ്റ് ചെയ്താല്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എസ്പി ഗ്രൂപ്പിന് ടാറ്റ സണ്‍സിലുള്ള ഓഹരികള്‍ വില്‍ക്കാനും അതുവഴി കടംവീട്ടാനും കഴിയും. എന്നാല്‍ പുതിയ നിര്‍വചനം ടാറ്റ സണ്‍സിന്റെ ഭാവിയെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമല്ല.
Content Highlights: RBI proposes upper layer NBFCs to be defined by absolute asset size of Rs 1 lakh crore