'ലെബനനിലെ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ കടുത്ത ആശങ്കയുണ്ട്'; ഇസ്രയേൽ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യ

'ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇന്ത്യ എക്കാലവും പ്രഥമ പരിഗണന നൽകിയിട്ടുള്ളത്'

'ലെബനനിലെ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ കടുത്ത ആശങ്കയുണ്ട്'; ഇസ്രയേൽ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യ
dot image

ന്യൂഡൽഹി: ലെബനനിൽ നടക്കുന്ന ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണത്തോട് പ്രതികരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം വന്നിരിക്കുന്നത്.

'ഏതൊരു രാജ്യത്തെയും ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇന്ത്യ എക്കാലവും പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര നിയമങ്ങളും പരമാധികാരത്തെയും അതിർത്തികളെയും മാനിക്കലും ഏറെ പ്രധാനപ്പെട്ടതാണ്,' ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ലെബനനിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലേക്ക് സൈനികരെ നൽകുന്ന രാജ്യമെന്ന നിലയിൽ കൂടി ഇന്ത്യ ഈ സംഭവത്തിൽ ഏറെ അസ്വസ്ഥരാണെന്നും ജയ്‌സ്വാളിന്റെ പ്രസ്താവനയിലുണ്ട്. ലെബനനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേലുമായി ഇന്ത്യൻ സർക്കാർ അടുത്ത ബന്ധം വെച്ചുപുലർത്തുന്നതുകൊണ്ടാണ് വിവിധ രാജ്യങ്ങൾ അപലപിച്ചിട്ടും ഇന്ത്യ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്തത് എന്ന് വ്യാപക വിമർശനമുയർന്നിരുന്നു.

ഇറാനും അമേരിക്കയും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരിക്കെയാണ് ഏപ്രിൽ എട്ടിന് ഇസ്രയേൽ ലെബനനിൽ വലിയ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ 300ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്നാണ് ഇതുവരെയുള്ള കണക്കുകൾ.

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതിനും പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതിനും പിന്നാലെ ഇസ്രയേലിൽ ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് എന്ന നിലയിൽ ഇസ്രയേൽ ലെബനനിൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. സാധാരണക്കാരടക്കം നിരവധി പേർക്ക് ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. അതേസമയം, ലെബനനും ഇസ്രയേലും തമ്മിൽ വാഷിങ്ടണിൽ വെച്ച് ചർച്ചകൾ നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Content Highlights: India responds to Israel's attack in Lebanon, shares deep concern over civilian casualties

dot image
To advertise here,contact us
dot image