

ബെംഗളൂരു : പൊലീസ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയയ്ക്കുന്നതായി ഗുണ്ടാ നേതാവായ സ്ത്രീയുടെ പരാതി. ബെംഗളൂരുവിലെ പൊലീസ് ഇൻസ്‌പെക്ടറായ പാപ്പണ്ണയ്‌ക്കെതിരെയാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവായ യശസ്വിനി എന്ന യശസ്വിനി ഗൗഡ(47) പരാതി നൽകിയത്. യശസ്വിനിയുടെ പരാതിയിൽ ജയനഗർ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ 'ലേഡി ഡോൺ' എന്നറിയപ്പെടുന്ന ക്രിമിനലാണ് യശസ്വിനി ഗൗഡ. പൊലീസ് ഇൻസ്‌പെക്ടറായ പാപ്പണ്ണ നിരന്തരം ഫോണിൽ സന്ദേശമയച്ച് ശല്യപ്പെടുത്തുകയാണെന്നാണ് ഇവരുടെ പരാതി. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും പതിവാണെന്നും പരാതിയിൽ പറയുന്നു. ഇതിനുപുറമേ ദിവസവും രാവിലെയും രാത്രിയും ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും വീട്ടിലേക്ക് വരാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.
ഇൻസ്‌പെക്ടറായ പാപ്പണ്ണ 'പാപ്പു' എന്ന് വിളിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും 'ഐ ലവ് യൂ' എന്ന് സന്ദേശമയച്ചതായും ഇതിനൊപ്പം അശ്ലീലച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്നും യശസ്വിനി പരാതിയിൽ പറയുന്നു. ഇൻസ്‌പെക്ടർ പാപ്പണ്ണ തനിക്കെതിരേ നേരത്തേ ചില വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തതായും യശസ്വിനി ഗൗഡ ആരോപിക്കുന്നുണ്ട്. ഇൻസ്‌പെക്ടർക്കെതിരേ നേരത്തേ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും യശസ്വിനി പറഞ്ഞു. ഇൻസ്‌പെക്ടർ അയച്ച വിവിധ സന്ദേശങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
ബെംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനലാണ് യശസ്വിനി ഗൗഡ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിലാണ് യശസ്വിനി ഗൗഡ അവസാനം അറസ്റ്റിലായത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഗുണ്ടാ ആക്ടും യശസ്വിനിക്കെതിരെ ചുമത്തിയിരുന്നു.
Content Highlight : A woman gang leader has filed a complaint alleging that a police officer sent her obscene messages