

പൊന്നാനി: ബിഹാർ എന്നെങ്കിലും കേരളത്തെ പോലെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർജെഡി നേതാവ് തേജ്വസി യാദവ്. പൊന്നാനിയിൽ നടന്ന എൽഡിഎഫ് പ്രചാരണ വേദിയിൽ സംസാരിക്കവേയാണ് തേജ്വസിയുടെ പ്രസ്താവന. കേരളം എന്നും ബിഹാറിന് മാർഗദർശനം ആണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം ലഭിക്കുന്നു. സാമൂഹിക സുരക്ഷയും എല്ലാവർക്കും ലഭിക്കുന്നു. ജാതിയുടെ പേരിൽ ഒരു വിവേചനം ഉണ്ടാകാൻ പാടില്ല. ഒരു പൗരനെയും ജാതിയുടെ പേരിൽ മാറ്റിനിർത്താൻ പാടില്ലെന്നും തേജ്വസി പറഞ്ഞു. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ചു നിർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രളയവും കൊവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധന നിക്ഷേപം വേണം. പ്രധാനമന്ത്രിക്ക് ആഭ്യന്തരകാര്യങ്ങളിൽ ശ്രദ്ധയില്ല. ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങളാണ് അവർക്കിന്ന് ഭരണഘടനയെന്നും അദ്ദേഹം തുറന്നടിച്ചു. ആ പുസ്തകം നമുക്ക് ആവശ്യമില്ല. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയമാണ് പറയുന്നതെന്നും തേജ്വസി ആരോപിച്ചു.
നമ്മുടെ ആശയങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ബിഹാറിൽ കോൺഗ്രസും ഇടതുപക്ഷവും തങ്ങളുടെ കൂടെയാണ്. ബിജെപിയെ പ്രതിരോധിക്കാൻ വേണ്ടിയാണ് അത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ജനാധിപത്യത്തെയും ഭരണഘടനയെയും അവർ ഭരിക്കുകയാണ്. അതിനെതിരെ ശക്തമായി പോരാടണം. കേരളത്തിൽ ശക്തമായി പൊരുതുന്നത് എൽഡിഎഫാണ്. പത്തുവർഷത്തോളം ഭരിച്ച എൽഡിഎഫ് സർക്കാരാണ് ശരി. കേരളത്തിന് അവകാശപ്പെട്ട ഫണ്ടുകൾ നൽകുന്നതിൽ കേന്ദ്രത്തിൽ നിന്ന് അവഗണനയാണ് ഉണ്ടായത്. കേന്ദ്രം കേരളത്തെ അപകീർത്തിപ്പെടുത്തുകയാണ്. പ്രളയവും ദുരന്തവും നടന്ന സമയത്ത് കേന്ദ്രം പണം നൽകിയില്ല. കേരളത്തിലെ ആരോഗ്യവും വിദ്യാഭ്യാസവും എല്ലാം മികച്ചതാണ്. എല്ലാവരും എൽഡിഎഫിന് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: RJD leader Tejashwi Yadav says he wishes Bihar could develop like Kerala